എൻ.ഡി.എ അധികാരത്തിലെത്തിയതോടെ ഇ.ഡിയുടെ കാര്യക്ഷമത മെച്ചപ്പെട്ടു: നരേന്ദ്ര മോദി
'അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം'
ന്യൂഡൽഹി: 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കാര്യക്ഷമത മെച്ചപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പി.എം.എൽ.എ ആക്ട് പ്രകാരം 1800ൽ താഴെ കേസുകളാണ് 2014ന് മുമ്പ് ഇ.ഡി ഫയൽ ചെയ്തത്. ഇത് എൻ.ഡി.എ സർക്കാരിന്റെ കാലത്ത് 5000ന് മുകളിലായി വർധിച്ചു. ഇത് ഇ.ഡിയുടെ കാര്യക്ഷമത മെച്ചപ്പെട്ടതിന്റെ തെളിവാണെന്നും മോദി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷപാർട്ടികളെ ലക്ഷ്യം വെക്കുന്നെന്ന ആരോപണത്തിനും മോദി മറുപടി നൽകി. ഇ.ഡി രജിസ്റ്റർ ചെയ്ത അഴിമതി കേസുകളിൽ വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് രാഷ്ട്രീയ ബന്ധം. ഒരു സ്ഥാപനത്തെ അഴിമതിക്കെതിരെ നടപടിയെടുക്കാൻ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അവർ ആ ജോലി ചെയ്തില്ലെങ്കിൽ അവരെ വിമർശിക്കാം. ജോലി ചെയ്തതിനെതിരെ വിമർശനം ഉന്നയിക്കുന്നതിന് ഒരു അർത്ഥവുമില്ല. അന്വേഷണ ഏജൻസികളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. രാഷ്ട്രീയ താൽപര്യങ്ങൾക്കായി അവരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2024 ലോക്സഭ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. സ്ഥിരതയുള്ള സർക്കാരിന് എന്ത് ചെയ്യാൻ കഴിയുമെന്ന് ജനം കണ്ടു. ഇതിന് മുമ്പ് മൂന്ന് പതിറ്റാണ്ട് കാലം സ്ഥിരതയില്ലാത്ത സർക്കാരാണ് രാജ്യം ഭരിച്ചത്. ഇന്ത്യയും പശ്ചിമേഷ്യയിലെ രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ അവർ ഒന്നും ചെയ്തില്ല. വെറും കച്ചവടത്തിനപ്പുറം കൂടുതൽ സമഗ്രമായ വികസനത്തിലേക്ക് ഇന്ന് ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വളർന്നെന്നും മോദി പറഞ്ഞു.