നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
മുഴുവൻ കോൺഗ്രസ് എംപിമാരും ഇന്ന് ഡൽഹിയിൽ
ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ രാഹുലിൻറെ അഭ്യർത്ഥനയെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്നാണ് ഇഡി വൃത്തങ്ങൾ പറയുന്നത്
രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ എംപിമാരും ഡൽഹിയിലെത്തി. പൊലീസ് തടഞ്ഞാൽ എംപിമാരുടെ വീടുകളിലോ ജന്തർമന്തറിലോ സമരം നടത്താനാണ് എ.ഐ. സി.സി നേതൃത്വത്തിന്റെ തീരുമാനം.
കഴിഞ്ഞ മൂന്ന് തവണ രാഹുലിനെ ഇ ഡി ചോദ്യം ചെയ്തപ്പോൾ എ.ഐ. സി.സി ആസ്ഥാനത്തും ഇ ഡി ഓഫീസ് പരിസരത്ത് വ്യാപക പ്രതിഷേധം നടന്നിരുന്നു. സമാനരീതിയിൽ ഇന്നും പ്രതിഷേധം മുന്നിൽ കണ്ട് നിരോധനാജ്ഞ തുടരുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്.
യങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഉറവിടങ്ങളെ പറ്റിയാണ് ഇ.ഡി കൂടുതലും ചോദ്യങ്ങൾ ചോദിച്ചത്. പല ചോദ്യങ്ങളും രാഹുൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. രാഹുലിനെതിരായ ഇ.ഡി നടപടി, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണും.