സിഎസ്‌കെ ഉടമയുടെ ഇന്ത്യ സിമൻറ്‌സിൽ ഇ.ഡി റെയ്ഡ്

2012ൽ ഇന്ത്യ സിമൻറ്‌സിന്റെ വൈസ് പ്രസിഡൻറായി സിഎസ്‌കെ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചിരുന്നു

Update: 2024-02-01 09:43 GMT
Advertising

ചെന്നൈ: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉടമയും മുൻ ബിസിസിഐ പ്രസിഡൻറുമായി എൻ ശ്രീനിവാസന്റെ ഇന്ത്യ സിമൻറ്‌സ് ലിമിറ്റഡിന്റെ ഓഫീസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് റെയ്ഡ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻറ് ആക്ട്(ഫെമ) ലംഘനം ചൂണ്ടിക്കാട്ടിയാണ് ചെന്നൈ കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ ഓഫീസുകളിൽ ഇഡി പരിശോധന നടത്തിയത്. രണ്ട് ദിവസങ്ങളിലായി ചെന്നൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ പരിശോധന നടത്തി. അസോസിയേറ്റ് കമ്പനിയായ ഇന്ത്യ സിമൻറ്‌സ് കാപ്പിറ്റൽ ലിമിറ്റഡിന്റെ (ഐസിസിഎൽ) കാര്യങ്ങളുമായും 550 കോടിയുടെ വിദേശ പണമിടപാടുമായും ബന്ധപ്പെട്ടാണ് ഇ.ഡി റെയ്ഡ്.

എന്നാൽ ഇന്ത്യ സിമൻറ്‌സിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് മറ്റു ചില ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചിലർ പോസ്റ്റ് ചെയ്തു. രാമ ക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിഎസ്‌കെ പോസ്റ്റിട്ടില്ല, നായകൻ എംഎസ് ധോണി ചടങ്ങിൽ പങ്കെടുത്തില്ല, സിഎസ്‌കെയുടെ ഉടമകൾ ഇന്ത്യാ സിമൻറ്‌സാണ് എന്നിങ്ങനെയാണ് ഒരാൾ ആരോപിച്ചത്.

1946ൽ സ്ഥാപിക്കപ്പെട്ട കമ്പനി ഷിപ്പിംഗ്, ക്യപ്റ്റീവ് പവർ, കൽക്കരി ഖനനം തുടങ്ങിയ മേഖലകളിലും നിക്ഷേപമിറക്കിയിട്ടുണ്ട്.

2012ൽ ഇന്ത്യ സിമൻറ്‌സിന്റെ വൈസ് പ്രസിഡൻറായി സിഎസ്‌കെ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചിരുന്നു. 43,000 രൂപ മാസ ശമ്പളത്തിനുള്ള നിയമനം സംബന്ധിച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ ക്രിക്കറ്ററാണ് ധോണി. 1040 കോടിയുടെ വരുമാനം റാഞ്ചിയിൽനിന്നുള്ള മുൻ ഇന്ത്യൻ നായകനുണ്ട്. 42കാരനായ താരത്തിന് 12 കോടിയാണ് സിഎസ്‌കെ വർഷത്തിൽ നൽകുന്നത്.

ED raid on CSK owner's India Cements

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News