ഡൽഹിയിൽ വീണ്ടും ആംആദ്മി ‘വേട്ടയുമായി’ ഇ.ഡി; 12 ഇടങ്ങളിൽ റെയ്ഡ്

കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിന്റെയും രാജ്യസഭ എം.പി എൻ.ഡി ഗുപ്ത വസതികളിലും റെയ്ഡ് നടക്കുകയാണ്

Update: 2024-02-06 09:45 GMT
Advertising

ന്യൂഡൽഹി:​ ആം ആദ്മിയുടെ മുതിർന്ന നേതാക്കളെ  ലക്ഷ്യമിട്ട് വീടുകളിലും ഓഫീസുകളിലും റെയ്ഡുമായി ഇ.ഡി. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരുടെ വീടുകളും ഓഫീസുകളും ഉൾപ്പടെ 12 ഇടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. അതെ സമയം റെയ്ഡിനെ പറ്റിയുള്ള വിശദാംശങ്ങളൊന്നും പുറത്തു വിടാൻ ഇ.ഡി തയാറായിട്ടില്ല.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ,രാജ്യസഭ എം.പി എൻ.ഡി ഗുപ്ത, ഡൽഹി ജല ബോർഡ് മെമ്പർ ശലഭ് കുമാർ എന്നിവരടക്കമുള്ള 12 പേരുടെ വീടുകളിലും ഓഫീസുകളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.30 കോടിയോളം രൂപയുടെ പദ്ധതികൾക്ക് ഡൽഹി ജല ബോർഡ് കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്ന് ഇ.ഡി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

ഡൽഹി മദ്യനയ കേസിൽ ആവർത്തിച്ചുള്ള സമൻസുകൾക്ക് ഹാജരാകാത്തതിന് കെജ്‌രിവാളിനെതിരെ ഇഡി രംഗത്തെത്തിയതിന്  ദിവസങ്ങൾക്കുള്ളിലാണ് പുതിയ റെയ്ഡ്.കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാല്‍ അതുകൊണ്ടൊന്നും ആം ആദ്മി ഭയക്കില്ലെന്നും ദില്ലി മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇ.ഡിയുമായി ബന്ധപ്പെട്ട വൻവെളിപ്പെടുത്തലുകൾ ഇന്ന് നടത്തുമെന്ന് അതിഷി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാ​ലെയാണ് റെയ്ഡുമായി ഇ.ഡി വീണ്ടും രംഗത്തെത്തിയത്. വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളാണ് ഇ.ഡിക്കെതിരെ അതിഷി പുറത്തുവിട്ടത്.


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News