പ്രമേഹം വർധിപ്പിച്ച് ജാമ്യം ലഭിക്കാൻ കെജ്‍രിവാൾ മധുരം കഴിക്കുകയാണെന്ന് ഇ.ഡി; ആരോപണം തള്ളി അഭിഭാഷകൻ
‘ഉയർന്ന പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് പതിവായി മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നത്’
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ വിചിത്ര വാദവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജാമ്യം ലഭിക്കാനായി കെജ്‍രിവാൾ മനഃപൂർവം മധുരം കഴിച്ചു പ്രമേഹം വർധിപ്പിക്കുന്നു എന്നാണ് ആരോപണം. അതേസമയം, മാധ്യമവാർത്തക്ക് വേണ്ടിയാണ് ഇ.ഡി ഇത്തരം വാദങ്ങൾ ഉയർത്തുന്നതെന്നു കെജ്‍രിവാളിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
വിഷയം കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹം ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമാണ് കഴിക്കുന്നത്. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം തടയാനുള്ള ഇ.ഡിയുടെ ശ്രമമാണിതെന്നും അഭിഭാഷകൻ വിവേക് ജെയിൻ പറഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ച് ജാമ്യം തേടാനാണ് കെജ്‍രിവാളിന്റെ ശ്രമമെന്ന് ഇ.ഡി പറയുന്നു. ഉയർന്ന പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് പതിവായി മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നത്. കൂടാതെ പഞ്ചസാര ചേർത്ത ചായയും കുടിക്കുന്നുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോഹെബ് ഹുസൈൻ പറഞ്ഞു.
തന്റെ പഞ്ചസാരയുടെ അളവ് തുടർച്ചയായി നിരീക്ഷിക്കണമെന്നും ഡോക്ടറെ സമീപിക്കാൻ അനുവദിക്കണമെന്നുമുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി കോടതി വ്യാഴാഴ്ച പരിഗണിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുണ്ടെന്നും തന്റെ ഡോക്ടറെ സമീപിക്കേണ്ടതുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. കെജ്‌രിവാളിൻ്റെ ഭക്ഷണക്രമം സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ട കോടതി കേസ് നാളത്തേക്ക് മാറ്റി.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്‍രിവാൾ. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെജ്‌രിവാൾ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്.