നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ്
, നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂർ ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്ക് ഇ.ഡി നോട്ടീസ് അയച്ചു. ഈ മാസം 21 ന് ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നൽകിയിരുന്നത്. ഇതിന് മുമ്പും ഇ.ഡി സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സോണിയ ഗാന്ധി ഇ.ഡിയെ അറിയിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെടാൻ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരുന്നത്.
കോവിഡ് സുഖപ്പെട്ടതിന് ശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി ചികിത്സയിലായിരുന്നു. സോണിയ ഗാന്ധിയുടെ ആവശ്യം അന്ന് ഇ.ഡി പരിഗണിച്ച് ജൂലൈ മാസത്തിന്റെ അവസാനം ഹാജരായാൽ മതിയെന്ന് അറിയിച്ചിരുന്നു. ഈ തീയതി അറിയിച്ചാണ് ഇപ്പോൾ ഇ.ഡി സോണിയ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂർ ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.