സോണിയ നാളെയും ഹാജരാകണമെന്ന് ഇ.ഡി; ഇന്ന് ചോദ്യംചെയ്തത് ആറ് മണിക്കൂര്‍
വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ വിട്ടയച്ചു
ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് നാളെയും ഹാജരാകാൻ എന്‍റഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിർദേശം. ഇന്നത്തെ ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു. രാഹുലിനോട് ചോദിച്ച ചോദ്യങ്ങൾ സോണിയയോടും ആവര്‍ത്തിച്ചു. രണ്ട് ദിവസങ്ങളിലായി ഒമ്പത് മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അതേസമയം, വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ വിട്ടയച്ചു.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം രാവിലെ 11ഓടെയാണ് സോണിയാ ഗാന്ധി ഇ.ഡി ആസ്ഥാനത്തെത്തിയത്. സോണിയക്കൊപ്പം തുടരാൻ പ്രിയങ്ക ഗാന്ധിയെയും അഭിഭാഷകയെയും ഇ.ഡി അനുവദിച്ചിരുന്നു. മൂന്ന് മണിക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു. 3.40 ഓടെ ചോദ്യം ചെയ്യല്‍ തുടരുകയും 6.45 ന് അവസാനിക്കുകയും ചെയ്തു. യങ് ഇന്ത്യ കമ്പനി എ.ജെ.എല്ലിന്റെ സ്വത്ത് ഏറ്റെടുത്തത് ചട്ടങ്ങൾ പാലിച്ചാണോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി ചോദിച്ചറിഞ്ഞത്.
ഇ.ഡി വേട്ടയാടലിനെതിരെ രാഷ്ട്രപതി ഭവനിലേയ്ക്ക് നീങ്ങിയ കോൺഗ്രസ് എം.പിമാരെ പൊലീസ് തടഞ്ഞു. എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധം നടന്നു. കേരളത്തിലും പ്രതിഷേധം ശക്തമായിരുന്നു. തിരുവനന്തപുരം ഗാന്ധിപാർക്കിൽ കോൺഗ്രസ് സത്യാഗ്രഹം സംഘടിപ്പിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, മലപ്പുറം, തിരുവല്ല എന്നിവിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീവണ്ടി തടഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.