അറസ്റ്റ് തടയാൻ കൂട്ടാക്കാതെ ഹൈക്കോടതി; കെജ്‌രിവാളിന്റെ വസതിയിൽ ഇ.ഡി സംഘം
മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഇന്ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇ.ഡി സംഘം. കേസിൽ ചോദ്യംചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് നൽകാനാണ് അന്വേഷണസംഘം എത്തിയതെന്നാണു വിവരം. കേസിൽ അറസ്റ്റ് നടപടികളിൽനിന്നു സംരക്ഷണം നൽകണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഇന്ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
വൈകീട്ടോടെയാണ് എൻഫോഴ്‌സ്‌മെന്റ് സംഘം വകെജ്‌രിവാളിന്റെ വസതിയിലെത്തിയത്. വസതിയിൽ റെയ്ഡ് നടക്കുന്നതായാണു വിവരം. എട്ടുപേരാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്. ഇന്നു ചോദ്യംചെയ്യാനും സാധ്യതയുണ്ട്. വസതിക്കുമുന്നിൽ വൻ പൊലീസ് സന്നാഹം തന്നെ എത്തിയിട്ടുണ്ട്. അറസ്റ്റ് നടപടിയിലേക്കു കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ജസ്റ്റിസ് സുരേഷ് കുമാർ ആണ് അറസ്റ്റിൽനിന്നു സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ ഹരജി പരിഗണിച്ചത്. ഡൽഹി മുഖ്യമന്ത്രിയുടെ ആവശ്യം തള്ളിയ കോടതി കേസ് വീണ്ടും പരിഗണിക്കാനായി ഏപ്രിൽ 22ലേക്കു മാറ്റിയിരിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് പ്രതികരണം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ഹരജി പരിഗണനയ്‌ക്കെടുത്തപ്പോൾ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡി കോടതിക്കു മുൻപാകെ സമർപ്പിച്ചിരുന്നു. കെജ്‌രിവാളിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസിൽ ഇന്നും ചോദ്യംചെയ്യലിനു ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇത് ഒൻപതാമത്തെ സമൻസിലാണ് കെജ്‌രിവാൾ ഹാജരാകാതിരിക്കുന്നത്.
Summary: Enforcement Directorate team reaches Delhi CM Arvind Kejriwal's residence in Delhi excise policy case