ഡല്‍ഹി മദ്യനയ അഴിമതി: കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും

ബി.ആർ.എസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇ.ഡി ആസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കും

Update: 2023-03-16 00:52 GMT
Advertising

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ചോദ്യംചെയ്യലിന് ഹാജരാകാനാണ് കവിതയ്ക്ക് നൽകിയ നിർദേശം. ബി.ആർ.എസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇ.ഡി ആസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കും.

കവിതയെ ചോദ്യംചെയ്യും മുൻപ് കേസുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇന്നലെ ജയിലിലെത്തി കവിതയുടെ ഓഡിറ്ററായ ബുച്ചി ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ദക്ഷിണേന്ത്യൻ സംഘവുമായി ബന്ധപ്പെട്ട് ബുച്ചി ബാബു നൽകിയ മൊഴിയിൽ കവിതയ്ക്ക് എതിരെ നിർണായക വിവരങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ അവകാശവാദം.

തുഗ്ലക്ക് റോഡിലെ വസതിയിൽ നിന്ന് പാർട്ടി പ്രവർത്തകർക്കൊപ്പം ഇ.ഡി ഓഫീസിൽ ചോദ്യംചെയ്യലിനായി പോകും. തനിക്കെതിരെ നടക്കുന്ന ഇ.ഡി നടപടികൾക്കെതിരെ കവിത സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി അടിയന്തര പ്രാധാന്യത്തോടെ കോടതി പരിഗണിക്കാത്തതു കവിതയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇ.ഡി ആസ്ഥാനത്ത് പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

ചാരിയറ്റ് അഡ്വർടൈസിംഗ് കമ്പനിയിലെ രാജേഷ് ജോഷി, വൈ.എസ്.ആർ.സി.പി എം.പി മഗുന്ത ശ്രീനിവാസലു റെഡ്ഡിയുടെ മകൻ മഗുന്ത രാഘവ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഡൽഹി മദ്യനയ കേസിൽ ഇരുവരെയും ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News