'വിദ്യാഭ്യാസമാണോ യൂണിഫോമാണോ വലുത്'; മതമാണോ വിദ്യാഭ്യാസമാണോ വലുതെന്ന ചോദ്യക്കാരോട് ഹിജാബ് വിവാദത്തിലെ പരാതിക്കാരി
ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ സുപ്രിംകോടതിയിൽ ഹരജി നൽകി
മതമാണോ വിദ്യാഭ്യാസമാണോ വലുതെന്ന് പലരും ചോദിക്കുന്നുവെന്നും ഇവരോട് തിരിച്ച് ചോദിക്കാനുള്ളത് വിദ്യാഭ്യാസമാണോ യൂണിഫോമാണോ വലുതെന്നാണെന്നും ഇപ്പോൾ സർക്കാർ ഞങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയാണെന്നും കർണാടക കോളേജുകളിലെ ഹിജാബ് നിരോധനത്തിനെതിരെ ഹരജി നൽകിയ വിദ്യാർഥികളിലൊരാളായ ആയിഷ അജീറ അൽമാസ്. കർണാടക കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയ വിവരം പങ്കുവെച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഇസ്ലാമിൽ ഹിജാബ് അനിവാര്യമായ മത ആചാരമാണെന്നും ഇത് ധരിച്ചാണ് പുറത്തിറങ്ങേണ്ടതെന്നും തല മറയ്ക്കണമെന്ന് ഖുർആൻ സ്ത്രീകളോട് നിർദ്ദേശിക്കുന്നുണ്ടെന്നും മറ്റൊരു വിദ്യാർഥി ആലിയ അസ്സാദി പറഞ്ഞു. ഹിജാബ് വിഷയത്തെ വഷമാക്കിയത് സർക്കാരാണെന്നും ഇത് മുലം നിരവധി വിദ്യാർഥികൾക്ക് പഠനം നഷ്ടമായെന്നും അവർ പറഞ്ഞു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അവകാശത്തിനായി സാധ്യമായ എല്ലാ നിയമപരമായ വഴികളിലുടെയും പോരാട്ടം നടത്താനാണ് തീരുമാനമെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം, വിദ്യാർഥികൾ നൽകിയ ഹരജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടർന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല വിദ്യാർഥികൾ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളിൽ സംഘർഷ സാഹചര്യമുണ്ടായി.
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ശരിവെച്ചു. ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു.
'Education or uniform is great'; Complainant in the hijab controversy to those who question whether religion or education is greater