മഹായുതി പൊട്ടിത്തെറിയിലേക്ക്? സുപ്രധാന യോഗങ്ങൾ റദ്ദാക്കി നാട്ടിലേക്കു തിരിച്ച് ഷിൻഡെ

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്

Update: 2024-11-29 11:37 GMT
Editor : Shaheer | By : Web Desk
Advertising

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ഇനിയും പരിഹരിക്കാനാകാതെ മഹായുതി സഖ്യം വിയർക്കുന്നത്. ഇതിനിടെ, ഇന്നു നടക്കേണ്ട രണ്ടു സുപ്രധാന യോഗങ്ങൾ റദ്ദാക്കി ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ നാട്ടിലേക്കു മടങ്ങിയിരിക്കുകയാണ്.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് മുംബൈയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം നിശ്ചയിച്ചിരുന്നു. ഇതോടൊപ്പം ഷിൻഡെ ശിവസേനയുടെ യോഗവും നടക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, രണ്ടു യോഗവും റദ്ദാക്കിയതായാണു വിവരം. ഇതിനിടെ, ഷിൻഡെ മുംബൈയിൽനിന്ന് 250ഓളം കി.മീറ്റർ ദൂരത്തുള്ള സതാരയിലെ വീട്ടിലേക്ക് പുറപ്പെട്ടതായി 'ഫ്രീപ്രസ് ജേണൽ' റിപ്പോർട്ട് ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രികസംഖ്യയ്ക്ക് തൊട്ടരികെ സീറ്റ് ബിജെപിക്ക് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ ഷിൻഡെ അവകാശവാദം ഉന്നയിച്ചിരുന്നു. ലഡ്കി ബഹിൻ യോജന ഉൾപ്പെടെയുള്ള ഷിൻഡെ സർക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളുമാണ് മഹായുതി സഖ്യത്തിന്റെ വമ്പൻ വിജയത്തിനു പിന്നിലെന്നാണ് ശിവസേന നേതാക്കൾ പറയുന്നത്. അതുകൊണ്ട്, മുഖ്യമന്ത്രി പദവി ഷിൻഡെയ്ക്കു തന്നെ നൽകണമെന്നാണ് ആവശ്യം.

എന്നാൽ, മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന് ഉറച്ച നിലപാടിലാണ് ബിജെപി. ഇതിന്റെ ഭാഗമായി ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഓഫർ ചെയ്തതായും വിവരമുണ്ട്. ഇതിനിടെയാണ് സർക്കാർ രൂപീകരണത്തിനു താൻ തടസം നിൽക്കില്ലെന്ന് ശിവസേന നേതാവ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഫഡ്‌നാവിസും ഷിൻഡെയും അജിത് പവാറും ഡൽഹിയിലെത്തി ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരാണു ചർച്ചയിൽ പങ്കെടുത്തിരുന്നത്. സർക്കാർ രൂപീകരണ ഫോർമുലകൾ ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. എന്നാൽ, നേതാക്കളെ കണ്ട ശേഷം വേഗത്തിൽ മുംബൈയിലേക്കു മടങ്ങിയ ഷിൻഡെ രാവിലെ നേരെ നാട്ടിലേക്കു തിരിക്കുകയായിരുന്നു. ബിജെപി നേതൃത്വവുമായുള്ള ചർച്ചയിൽ ഷിൻഡെ അസംതൃപ്തനാണെന്നാണു വ്യക്തമാകുന്നത്.

അതേസമയം, സർക്കാർ രൂപീകരണ ചർച്ചയിൽ അതൃപ്തി തുടരുന്നതായുള്ള മാധ്യമവാർത്തകൾ തള്ളിയിരിക്കുകയാണ് ഷിൻഡെ സേന നേതാവ് ഉദയ് സാമന്ത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയാണ് ഷിൻഡെ സതാരയിലേക്കു തിരിച്ചതെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അസംതൃപ്തിയൊന്നുമല്ലെന്നും ഉദയ് വ്യക്തമാക്കി. ഷിൻഡെയോട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ശിവസേന അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഷിൻഡെ നിരസിച്ചാലും ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങൾക്കു ലഭിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിർസാതും പറഞ്ഞു. പദവി ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ലെങ്കിൽ മറ്റൊരു നേതാവിനെ നിയമിക്കും. ഷിൻഡെ കേന്ദ്രമന്ത്രി സ്ഥാനം സ്വീകരിക്കില്ലെന്നും ഷിർസാത് അറിയിച്ചു.

288 അംഗ മഹാരാഷ്ട്രാ നിയമസഭയിൽ 132 സീറ്റാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. ഷിൻഡെ സേനയ്ക്ക് 57ഉം അജിത് പവാർ പക്ഷം എൻസിപിക്ക് 41ഉം അംഗങ്ങളാണുള്ളത്. കഴിഞ്ഞ സർക്കാരിനു സമാനമായി മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും എന്ന ഫോർമുലയാണു തുടക്കംതൊട്ടേ ചർച്ചയിലുള്ളത്. ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ഷിൻഡെയ്ക്കും പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം നൽകാനാണ് ബിജെപി തീരുമാനം. എന്നാൽ, മുഖ്യമന്ത്രിയല്ലാത്തൊരു പദവി വേണ്ടെന്ന നിലപാടിലാണ് ഷിൻഡെ. ബിജെപിക്ക് 22 മന്ത്രിമാരും സേനയ്ക്ക് 12ഉം എൻസിപിക്ക് 10ഉം മന്ത്രിമാരാണ് ആലോചനയിലുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ഇതുവരെയും നിയമസഭാ കക്ഷി യോഗം ചേര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Summary: Eknath Shinde cancels two key meetings, leaves for his village in Satara amid CM tussle in Maharashtra

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News