നേതാക്കൾ കൂട്ടത്തോടെ മറുകണ്ടം ചാടി: ഉത്തർ പ്രദേശിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം
ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഉൾപ്പെടെയുള്ള നേതാക്കൾ ഈ ആഴ്ച മുതൽ പര്യടനം ആരംഭിക്കും
പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിലെ പ്രതിസന്ധി മറികടക്കാൻ ഉത്തർപ്രദേശിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബി. ജെ.പി കേന്ദ്ര നേതൃത്വം. ഒ.ബി.സി സമുദായത്തിനിടയിൽ കൂടുതൽ സ്വാധീനമുള്ള ഘടകകക്ഷികൾക്ക് പ്രത്യേക പരിഗണന നൽകാനാണ് ബി.ജെ.പി യുടെ ശ്രമം. പ്രചാരണത്തിന്റെ ഭാഗമായി സമാജ് വാദി പാർട്ടി സംഘടിപ്പിക്കുന്ന വെർച്ചൽ റാലികൾ ഇന്നാരംഭിക്കും
മൂന്ന് മന്ത്രിമാരടക്കം 15 ഓളം നേതാക്കൾ പാർട്ടി വിട്ടതും, അഖിലേഷ് യാദവിന്റെ റാലികളിൽ എത്തിച്ചേരുന്ന ആൾക്കൂട്ടവും ബിജെപി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതോടെയാണ് അപകടസൂചനകൾ പാർട്ടിക്ക് മണത്ത് തുടങ്ങിയത്. അനിശ്ചിതത്വങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ട്തിരഞ്ഞെടുപ്പിലെ സഖ്യകക്ഷികളെ ബി.ജെ.പി പ്രഖ്യാപിച്ചു. നിഷാദ് പാർട്ടി, അപ്നാദൾ (എസ്) എന്നീ പാർട്ടികളുമായി 403 സീറ്റിലും സഖ്യത്തിൽ മത്സരിക്കാനാണ് തീരുമാനം. കിഴക്കൻ ഉത്തർപ്രദേശിലെ ഒ.ബി.സി സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള അപ്നാദളും നിഷാദ് പാർട്ടിയും ബി.ജെ.പിയുടെ പഴയ സഖ്യകക്ഷികളാണ്. 2014 മുതൽ അപ്നാദാൾ സഖ്യകക്ഷിയായിട്ടുണ്ട്. 2019 മുതലാണ് നിഷാദ് പാർട്ടി ബിജെപിയുമായി സഖ്യത്തിലായത്. എന്നാൽ മുമ്പ് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് ഇരുപാർട്ടികൾക്കും ബി.ജെ.പി ഇപ്പോൾ നൽകിയിരിക്കുന്നത്.
പ്രചാരണത്തിലും ദേശീയ നേതൃത്വം പിടിമുറുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയും ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കൾ ജനുവരി മൂന്നാം വാരം മുതൽ യു.പിയിൽ പര്യടനം ആരംഭിക്കും. അതിനിടെ പ്രചരണത്തിൽ മേൽക്കൈ നേടാൻ വേണ്ടി എസ്.പിയുടെ വെർച്വൽ പ്രചരണം ഇന്നാരംഭിക്കും. കോവിഡ് പ്രതിരോധത്തിലെ വീഴ്ച കളും വികസന മുരടിപ്പും ഉയർത്തിയാണ് സമാജ് വാദി പാർട്ടിയുടെ പ്രചരണം.