പ്രചാരണത്തില്‍ ബി.ജെ.പി മുന്നില്‍; ബി.എസ്.പിക്ക് ഇതെന്തുപറ്റി?
പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി വൻപദ്ധതി പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടാണു വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചത്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുൻപേ തന്നെ ഭൂരിഭാഗം രാഷ്ട്രീയകക്ഷികളും കാമ്പയിൻ തുടങ്ങിയിരുന്നു. പ്രചാരണത്തിൽ ബി.ജെ.പി മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാണ്.
പോരാട്ടത്തിനുള്ള തിയ്യതി കുറിക്കുംമുമ്പേ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ പ്രചാരണ രംഗത്ത് സജീവമായിരുന്നു മുഖ്യ രാഷ്ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പ് തിയ്യതി തെളിഞ്ഞപ്പോൾ പദയാത്ര മുതൽ മെഗാ റാലികൾ വരെ നടത്തി പാർട്ടികൾ അവരുടെ പ്രചാരണം ഏറെദൂരം പിന്നിട്ടിരുന്നു. അഞ്ചിൽ നാലു സംസ്ഥാനങ്ങളിലും ഭരണകക്ഷിയായ ബി.ജെ.പിയാണു പ്രചാരണത്തിൽ മുന്നിൽ. നാലു വട്ടം മുഖ്യമന്ത്രിയായ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി യു.പിയിൽ ഇതുവരെ ഒരു റാലി പോലും നടത്താതെ ഏറെ പിന്നിലായി.
പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികളിൽ വൻപദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടാണു വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ കക്ഷി ഭരിക്കുന്നതു വികസനം ത്വരിതഗതിയിലാക്കുമെന്നു പറഞ്ഞാണ് മോദിയുടെ പ്രചാരണം. യു.പിയിൽ യോഗി ആദിത്യനാഥിന്റെ മുഖ്യഎതിരാളിയായ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വൻ ജനക്കൂട്ടം പങ്കെടുക്കുന്ന റാലികളുമായി നേരത്തേ സജീവമായിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പലവട്ടം റോഡ് ഷോകൾ നടത്തി സാന്നിധ്യം ഉറപ്പിച്ചു.
അമേഠിയിലെ റാലിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയ്ക്കൊപ്പം ചേർന്നു. മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ മറ്റൊരു പ്രധാന സന്ദർശകൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആയിരുന്നു. ഡൽഹിക്ക് പുറമെ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, യു.പി എന്നിവിടങ്ങളിലേക്കും ആം ആദ്മി പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താൻ കേജ്‌രിവാൾ സജീവമായി. തൃണമൂൽ കോൺഗ്രസും മത്സര രംഗത്തുണ്ട്. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് 15 വരെ റാലികൾക്കും റോഡ് ഷോകൾക്കും വിലക്കുണ്ട്. ഇതുമൂലം പ്രചാരണം ഓൺലൈൻ വഴിയാക്കിയിരിക്കുകയാണ് പാർട്ടികൾ.