'യോഗി ആദിത്യനാഥിന്റെ വസതിക്കു താഴെ ശിവലിംഗമുണ്ട്'; ഖനനം നടത്തണമെന്ന് അഖിലേഷ് യാദവ്
സംഭലിൽ നടക്കുന്ന ഖനന പ്രവൃത്തികൾ ഒരാഴ്ച പിന്നിടുകയാണ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭലിൽ നടക്കുന്ന ഖനന പ്രവൃത്തികളിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി(എസ്പി) നേതാവ് അഖിലേഷ് യാദവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു താഴെ ശിവലിംഗമുണ്ട്. അവിടെ ഖനനം നടത്തണമെന്ന് അദ്ദേഹം പരിഹസിച്ചു.
എസ്പി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ''സംഭലില്‍ ഖനന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിക്കു താഴെയും ശിവലിംഗമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ശിവലിംഗമുണ്ടെന്ന വിശ്വാസമുണ്ട്. ആ സ്ഥലത്ത് ഖനനം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണം. ആദ്യം മാധ്യമങ്ങൾ അവിടെ പോയി നോക്കണം. അതിനുശേഷം ഞങ്ങളും വരാം.''-ചിരികൾക്കിടെ അഖിലേഷ് പറഞ്ഞു.
സംഭലിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഖനന പ്രവൃത്തികൾ ആരംഭിച്ചിട്ട് ഒൻപത് ദിവസം പിന്നിടുകയാണ്. പുരാതനമായ കിണറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം സംഭലിലെ ചന്ദൗസി നഗരസഭാ അധികൃതർ അറിയിച്ചിരുന്നു. ഇവിടെയുള്ള ശിവ-ഹനുമാൻ ക്ഷേത്രം 46 വർഷത്തിനുശേഷം വീണ്ടും തുറന്നപ്പോഴാണ് കിണർ കണ്ടെത്തിയതെന്നാണു വാദം.
വെള്ളിയാഴ്ച വരെ തൊട്ടടുത്ത സ്ഥലത്ത് കുഴിച്ചപ്പോൾ റോഡിനു നടുവിലായാണു കിണറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഒരു നഗരസഭാ വൃത്തം പറഞ്ഞു. സമീപത്ത് കൈയേറി നിർമിച്ച കെട്ടിടങ്ങളെല്ലാം ഒഴിപ്പിക്കും. സംരക്ഷിത ചരിത്രസ്മാരകമായതു കൊണ്ടുതന്നെ ഒരു പുരാവസ്തു അവശിഷ്ടങ്ങളും കൈയേറാൻ ആർക്കും അവകാശമില്ല. അവിടെ നിർമാണപ്രവൃത്തികൾ നടത്താനുമാകില്ലെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പുരാവസ്തു എന്ന നിലയ്ക്കു പ്രാധാന്യമുള്ളതിനാൽ സമീപത്തെ കെട്ടിടങ്ങളെല്ലാം തകർക്കുമെന്നും അദ്ദേഹം അറിയിച്ചു. ജെസിബിയോ ട്രാക്ടറോ ഉപയോഗിച്ചു തകർത്താൽ കിണർ നശിക്കാനിടയുണ്ട്. അതിനാൽ, തൊഴിലാളികളെ ഉപയോഗിച്ചു ചട്ടുകങ്ങളും കമ്പിപ്പാരകളും ഉപയോഗിച്ചാണു പൊളിക്കൽ നടപടികൾ നടക്കുന്നത്. പുരാവസ്തു വകുപ്പ് സ്ഥലത്തെ കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ നിർദേശത്തിനനുസരിച്ചാണ് ഉത്ഖനനം നടക്കുന്നതെന്നും നഗരസഭാ വൃത്തം പറഞ്ഞു.
Summary: SP's Akhilesh Yadav calls for excavation of ‘Shivling’ under the UP CM Yogi Adityanath’s residence