തെലങ്കാനയിൽ പ്രചാരണം കൊഴുക്കുന്നു; നരസിംഹ റാവുവിന്റെ ബന്ധുക്കളെ കണ്ട് മോദി
മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഹൈദരാബാദ്: തെലങ്കാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 17 ലോക്‌സഭാ മണ്ഡലങ്ങളാണ് തെലങ്കാനയിലുള്ളത്. പരസ്യപ്രചാരണം 11ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കൾ തെലങ്കാനയിൽ പ്രചാരണത്തിനെത്തിയിട്ടുണ്ട്.
ഇന്നലെ ഹൈദരാബാദിലെത്തിയ മോദി മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. റാവുവിനെ കോൺഗ്രസ് അവഗണിക്കുകയാണെന്ന രീതിയിൽ പ്രചാരണം ശക്തമാക്കാനാണ് ബി.ജെ.പി നീക്കം. റാവുവിനെ ബി.ജെ.പി സർക്കാർ ഭാരതരത്‌ന നൽകിയതടക്കം മോദി പ്രചാരണ വേദിയിൽ ഉന്നയിക്കുന്നുണ്ട്.
വെമുലവാഡയിലും വാറങ്കലിലുമാണ് മോദി റാലി നടത്തുന്നത്. നേരത്തെ രണ്ട് ദിവസങ്ങളിൽ അമിത് ഷാ തെലങ്കാനയിലെത്തിയിരുന്നു. മറ്റന്നാൾ അദ്ദേഹം വീണ്ടും സംസ്ഥാനത്തെത്തുന്നുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തെലങ്കാനയിലെത്തുന്നുണ്ട്. മെയ് 10ന് പ്രിയങ്കാ ഗാന്ധിയും റാലി നടത്തുന്നുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്നെയാണ് കോൺഗ്രസിന്റെ താരപ്രചാരകൻ.
17 സീറ്റിൽ കഴിഞ്ഞ തവണ ബി.ആർ.എസ് ആണ് വിജയിച്ചത്. കോൺഗ്രസിന് മൂന്ന് സീറ്റും എ.ഐ.എം.ഐ.എം ഒരു സീറ്റും നേടിയിരുന്നു. ഇത്തവണ കോൺഗ്രസ് മികച്ച നേട്ടമുണ്ടാക്കുമെന്നാണ് സൂചന. 10ൽ കൂടുതൽ സീറ്റ് നേടാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.