പത്രത്തിൽ ബിജെപിക്കെതിരെ 'അഴിമതി നിരക്ക് കാർഡ്' പരസ്യം; കർണാടക കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

ബിജെപി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്.

Update: 2023-05-07 04:13 GMT
Advertising

ബെം​ഗളൂരു: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പത്രങ്ങളിൽ‍ ബിജെപിക്കെതിരെ 'അഴിമതി നിരക്ക് കാർഡ്' പരസ്യം നൽകിയതിന് കോൺ​ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ബിജെപി നൽകിയ പരാതിയിലാണ് നടപടി. ആരോപണങ്ങൾക്ക് തെളിവുകൾ‍ ഹാജരാക്കണമെന്ന് നോട്ടീസിൽ പറയുന്നു.

2019- 2023 കാലയളവിൽ സംസ്ഥാനത്ത് നടന്ന അഴിമതിയുടെ കണക്കുകൾ ഉൾപ്പെടുത്തി പോസ്റ്ററുകളും പത്ര പരസ്യവും കോൺഗ്രസ് പ്രസിദ്ധീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി മുതൽ സാധാരണ കോൺസ്റ്റബിൾ വരെയുള്ള പദവികൾ‍ക്കായും വിവിധ സ്ഥാനങ്ങളിലേക്കുള്ള നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി കോടികൾ കൈക്കൂലി വാങ്ങുന്നതായി പരസ്യത്തിൽ ആരോപിച്ചിരുന്നു.

വിവിധ കരാറുകൾ‍ക്ക് '40 ശതമാനം കമ്മീഷൻ' വാങ്ങുന്നതായും 'കറപ്ഷൻ റേറ്റ് കാർഡ്' പരസ്യത്തിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തേത് 'ഇരട്ട എഞ്ചിൻ സർക്കാർ' ആണെന്ന ബിജെപിയുടെ അവകാശവാദത്തെ പരിഹസിച്ച് 'ട്രബിൾ എഞ്ചിൻ സർക്കാർ‍' എന്ന് വിശേഷിപ്പിച്ചാണ് ഇംഗ്ലീഷിലും കന്നഡയിലുമായി കോൺ​ഗ്രസ് 'അഴിമതി നിരക്ക് കാർഡ്' പുറത്തിറക്കിയത്.

കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി സർക്കാർ 1,50,000 കോടി രൂപ കൊള്ളയടിച്ചതായും അതിൽ ആരോപിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് 2500 കോടിയും മന്ത്രിസ്ഥാനത്തിന് 500 കോടിയുമാണ് ചെലവ് എന്നും ‘അഴിമതി നിരക്ക് കാർഡിൽ’ പറയുന്നു.

ഇതിനെതിരെ ബിജെപി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണ് പരസ്യമെന്നാണ് പരാതിയിൽ ബിജെപിയുടെ ആരോപണം. ആരോപണം ഉന്നയിച്ചതിന് അടിസ്ഥാനമായ തെളിവ് ഹാജരാക്കാൻ കെപിസിസി അധ്യക്ഷനോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദേശിച്ചിരിക്കുന്നത്.

തെളിവുകളുണ്ടെങ്കിൽ ഞായർ‍ വൈകിട്ട് ഏഴ് മണിക്കുള്ളിൽ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ‌ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്നാണ് കമ്മീഷന്‍റെ മുന്നറിയിപ്പ്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മോദിയും രാ ഹുലും പ്രിയങ്കയുമടക്കം ദേശീയ നേതാക്കൾ പ്രചാരണരംഗത്ത് നിറഞ്ഞു നിൽക്കുകയാണ്. നാളെയാണ് പരസ്യപ്രചാരണം അവസാനിക്കുക.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News