വിമർശനം കടുത്തു; ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഒന്നാംഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 ശതമാനവും പോളിങ്

Update: 2024-04-30 16:31 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടിങ് ശതമാനം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നാംഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്.വോട്ടിങ് ശതമാനം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തിൽ കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പടെ 88 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഇതിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തു വിട്ടിരിക്കുന്നത്.

പോളിങ് സംബന്ധിച്ച് ഏകദേശ കണക്കുകൾ മാത്രമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സൈറ്റിൽ നിന്നടക്കം ലഭിച്ചിരുന്നത്. ഇതിൽ വലിയ രീതിയിലുള്ള വിമർശനങ്ങളും പ്രതിപക്ഷത്ത് നിന്നടക്കം ഉയർന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നായിരുന്നു വിഷയത്തിൽ ഇന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിൽ വലിയ കൃത്രിമത്വം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.

ആദ്യ ഘട്ടത്തിൽ 66.2 ശതമാനമാണ് പുരുഷന്മാരുടെ വോട്ട്, സ്ത്രീ വോട്ടർമാരുടെ എണ്ണം 66.07 ശതമാനവും. 2019ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ നാല് ശതമാനത്തോളം കുറവ് ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമുണ്ട്.

Full View

അതേസമയം, ജമ്മു-കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിൽ വോട്ടെടുപ്പ് തീയതി മാറ്റി. മേയ് ഏഴിന് നടക്കേണ്ടിയിരുന്ന വോട്ടെടുപ്പ് മേയ് 25ന് നടക്കും. കാലാവസ്ഥാ വ്യതിയാനമുൾപ്പടെ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാർട്ടികളടക്കം രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News