രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന
വയനാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി
നീലഗിരി: വയനാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
വയനാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. രാവിലെ 11 മണിക്ക് ശേഷം സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ആദ്യ റോഡ് ഷോ തന്നെ യുഡിഎഫ് ക്യാമ്പിനെ ആവേശത്തിലാക്കി. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് രാഹുലിന്‍റെ റോഡ് ഷോയിലുണ്ടായിരുന്നത്. വൈകിട്ട് 5.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി രാഹുൽ വോട്ടഭ്യര്‍ഥിക്കും.
വയനാട് മെഡിക്കല്‍ കോളജിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ സംസ്ഥാന സർക്കാരിനെ രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒരു പ്രശ്നം പോലും പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യത്ത് നടക്കുന്നത് ആർ എസ് എസും കോണ്‍ഗ്രസ് തമ്മിലെ ആശയപോരാട്ടമെന്നും രാഹുല്‍ പറഞ്ഞു. മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുല്‍ വെള്ളമുണ്ടയിലും പടിഞ്ഞാറത്തറയിലും റോഡ് ഷോകളിലും പങ്കെടുക്കും.