വൈദ്യുതി ബിൽ നാല് കോടി; ഞെട്ടി വീട്ടുടമ, സാങ്കേതിക തകരാറെന്ന് വാദം
'ജൂലൈ 24ന് മുമ്പ് പണമടച്ചാൽ രണ്ട് ലക്ഷം ഡിസ്കൗണ്ട്'
നോയിഡ: കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ബിൽ നാല് കോടി രൂപയാണെന്ന് കാണിച്ച് വന്ന മെസേജ് കണ്ട് ഞെട്ടി നോയിഡ നിവാസിയായ ബസന്ത് ശർമ. ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ ലിമിറ്റഡാണ് (യു.പി.പി.സി.എൽ) നാല് കോടി രൂപയുടെ ബിൽ നൽകിയത്. ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാരനായ ശർമ സെക്ടർ 122ലെ ശ്രമിക് കുഞ്ചിലാണ് താമസിക്കുന്നത്. തൻ്റെ ഭാര്യ പ്രിയങ്ക ശർമയുടെ പേരിലാണ് ബിൽ വന്നത്.
'മറ്റെല്ലാ മാസങ്ങളിലും 1,490 രൂപ ബില്ലാണ് ലഭിക്കുന്നത്. വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ബിൽ കണ്ടതിന് ശേഷം വാടകക്കാരനെ വിളിച്ച് എസ്.എം.എസ് വിവരം അറിയിച്ചു. അടിസ്ഥാന ഉപകരണങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അവർ പറഞ്ഞത്.'- ശർമ പറഞ്ഞു. വൈദ്യുതി ബിൽ 4,02,31,842 രൂപയെന്നാണ് എസ്എംഎസിൽ പറയുന്നത്. ജൂലൈ 24നോ അതിനുമുമ്പോ ബിൽ അടച്ചാൽ 2,84,969.88 രൂപ കിഴിവ് ലഭിക്കുമെന്നും അതിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ അങ്ങനെയൊരു ബിൽ ഇല്ലെന്ന് യു.പി.പി.സി.എൽ എക്‌സിക്യൂട്ടീവ് എൻജിനീയർ ശിവ ത്രിപാഠി പറഞ്ഞു. കമ്പ്യൂട്ടർ സിസ്റ്റത്തിലെ ചില സാങ്കേതിക പിശകുകൾ കാരണം സിസ്റ്റം സൃഷ്ടിച്ച സന്ദേശം മാത്രമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. റസിഡൻ്റ്‌സ് വെൽഫെയർ അസോസിയേഷൻ്റെ നേതാവാണ് ബില്ലിനെക്കുറിച്ച് തങ്ങളെ അറിയിച്ചത്. തുടർന്ന് ബിൽ ശരിയാക്കി 26,000 രൂപയുടെ പുതിയ ബിൽ അദ്ദേഹത്തിന് നൽകിയതായി ത്രിപാഠി കൂട്ടിച്ചേർത്തു.