94% ഇലക്ടറൽ ബോണ്ടുകളും ഒരു കോടിയുടേത്; ഒഴുകിയത് കോർപറേറ്റ് പണം
വിവരങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഇലക്ടറല്‍ ബോണ്ട് സുപ്രിംകോടതി റദ്ദാക്കിയത്
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വഴി വൻതോതിൽ കോർപറേറ്റ് പണം രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിച്ചെന്ന് കണക്കുകൾ. ബോണ്ടുകൾ റദ്ദാക്കിയ സുപ്രിംകോടതി വിധിപ്രസ്താവത്തിലാണ് ഇതിന്റെ വിശദാംശങ്ങളുള്ളത്. എസ്ബിഐയിൽനിന്ന് വിറ്റുപോയ ബോണ്ടുകളിൽ 94 ശതമാനവും (ആകെ മൂല്യത്തിൽ) ഒരു കോടിയുടേതാണെന്ന് ചരിത്രപ്രധാന വിധിയിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുന്നു. ബോണ്ടുകളുടെ സിംഹഭാഗവും വാങ്ങിയത് കോർപറേറ്റുകളാണ് എന്ന ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഈ കണക്കുകൾ.
2018 മാർച്ച് മുതൽ 2023 ജൂലൈ വരെ ഒരു കോടി മൂല്യമുള്ള 12,999 ബോണ്ടുകളാണ് വിറ്റുപോയത്. ഇതുവഴി 12,999 കോടി രൂപയാണ് പാർട്ടികളുടെ അക്കൗണ്ടിലെത്തിയത്. ബോണ്ടുകൾ വഴി ആകെ ലഭിച്ച തുകയുടെ 94.25 ശതമാനം. പത്തു ലക്ഷം മൂല്യമുള്ള 7618 ബോണ്ടുകൾ വിറ്റുപോയി. ഇതുവഴി ലഭിച്ചത് ആകെ 761.80 കോടി രൂപ. ഒരു ലക്ഷം മൂല്യമുള്ള 3088 ബോണ്ടുകളാണ് വിൽക്കപ്പെട്ടത്. ഇതുവഴി അക്കൗണ്ടിലെത്തിയത് 30.88 കോടി രൂപ.
പത്തായിരത്തിന്റെ 208 ബോണ്ടുകളും ആയിരത്തിന്റെ 99 ബോണ്ടുകളും എസ്ബിഐ വഴി വിൽക്കപ്പെട്ടു. യഥാക്രമം 20.80 ലക്ഷം രൂപയും 99,000 രൂപയും ഇതുവഴി രാഷ്ട്രീയപ്പാർട്ടികളുടെ അക്കൗണ്ടിലെത്തി. ഇക്കാലയളവിൽ ആകെ വിറ്റുപോയത് 24012 ബോണ്ടുകളാണ്. പാർട്ടികൾക്ക് ലഭിച്ച തുക 13791.8979 കോടി രൂപയും. അജ്ഞാത ബോണ്ടുകളിലൂടെ വലിയ അളവിലുള്ള കോർപറേറ്റ് പണമെത്തി എന്നതിന്റെ സൂചനയാണ് ഇതെന്ന് ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടുന്നു.
ബോണ്ടുകൾ വഴി അജ്ഞാത ഉറവിടങ്ങളിൽനിന്ന് രാഷ്ട്രീയകക്ഷികൾക്ക് ലഭിച്ച സംഭാവനയിലും വലിയ കുതിപ്പുണ്ടായി. 2014-17 വർഷങ്ങളിൽ ഇങ്ങനെ വന്ന പണം 3864 കോടി ആയിരുന്നുവെങ്കിൽ 2018-22 വർഷങ്ങളില്‍ ഇത് 11829 കോടി ആയി ഉയർന്നു.
ഒന്നാം സ്ഥാനത്ത് ബിജെപി
ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ പണം ലഭിച്ച രാഷ്ട്രീയപ്പാർട്ടി ഭരണകക്ഷിയായ ബിജെപി തന്നെയാണ്. 2017 മുതൽ 2023 വരെ 6566.12 കോടി രൂപയാണ് ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത്. ബോണ്ട് അവതരിപ്പിച്ച 2017-18 വർഷത്തിൽ 210 കോടി രൂപയാണ് ഈയിനത്തിൽ ലഭിച്ചത്. ആ വർഷം കോൺഗ്രസിനും (അഞ്ചു കോടി) ജെഡിഎസിനും (6.3 കോടി) മാത്രമാണ് ബിജെപിക്ക് പുറമേ ബോണ്ട് ഫണ്ട് ലഭിച്ചത്. ആ വർഷം വന്ന 221.03 കോടിയിൽ 210 കോടി രൂപയും ബിജെപി അക്കൗണ്ടിലേക്കായിരുന്നു എന്നതാണ് ശ്രദ്ധേയം.
2018-19 വർഷത്തിൽ ബോണ്ട് വഴി എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ലഭിച്ചത് 2539.170 കോടി രൂപയാണ്. ഇതിൽ പകുതിയിലേറെ ലഭിച്ചത് ബിജെപിക്കും- 1450.890 കോടി രൂപ. കോൺഗ്രസിന് 383.26 കോടി രൂപ ലഭിച്ചു. 213.5 കോടി രൂപ ലഭിച്ച ബിജു ജനതാദളാണ് ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ച മൂന്നാമത്തെ പാർട്ടി. മുൻവർഷം 6 കോടി രൂപ ലഭിച്ച ജെഡിഎസിന് പണമൊന്നും കിട്ടിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന 2019-20 വർഷത്തിൽ 2555 കോടി രൂപയാണ് ബിജെപിക്ക് ബോണ്ടുകൾ വഴി ലഭിച്ചത്. ആകെ വന്ന 3441.32 കോടി രൂപയിൽ കോൺഗ്രസിന് കിട്ടിയത് 317.86 കോടി രൂപയും. തൃണമൂൽ കോൺഗ്രസിന് നൂറു കോടി രൂപ ലഭിച്ചു. മുൻ വർഷങ്ങളിൽ ഒരു ബോണ്ടും ലഭിക്കാതിരുന്ന ആം ആദ്മി പാർട്ടിക്ക് 17.76 കോടി രൂപ കിട്ടി. 2020-21 സാമ്പത്തിക വർഷം ബോണ്ടുകൾ വഴി ആകെ സമാഹരിക്കപ്പെട്ടത് 325.6 കോടി രൂപ മാത്രമാണ്. ഈ വർഷം ഏറ്റവും കൂടുതൽ ഫണ്ട് കിട്ടിയത് എംകെ സ്റ്റാലിന്റെ ഡിഎംകെയ്ക്ക് ആയിരുന്നു- 80 കോടി രൂപ. ബിജു ജനതാദൾ 67 കോടി രൂപയും തൃണമൂൽ കോൺഗ്രസ് 42 കോടി രൂപയും ഖജനാവിലെത്തിച്ചു. ബിജെപിക്ക് കിട്ടിയത് 22.38 കോടി രൂപ.
2021-22 വർഷത്തിൽ 2664.82 കോടിയാണ് ബോണ്ടുകൾ വഴി ലഭിച്ചത്. ഇതിൽ 1033.70 കോടിയുമെത്തിയത് ബിജെപി അക്കൗണ്ടിലാണ്. കോൺഗ്രസിന് 236.9 കോടിയും തൃണമൂൽ കോൺഗ്രസിന് 528.14 കോടി രൂപയും ലഭിച്ചു. ഡിഎംകെ ആ വർഷം സമാഹരിച്ചത് 306 കോടി രൂപയാണ്. 2022-23 വർഷം 1294.14 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയത്. കോൺഗ്രസിന് കിട്ടിയത് ഇതിന്റെ ഏഴിലൊന്ന് മാത്രവും- 171 കോടി. തൃണമൂലിന് 325 കോടിയും ഡിഎംകെയ്ക്ക് 185 കോടിയും കിട്ടി.
ആറ് വർഷത്തിനിടെ വിവിധ രാഷ്ട്രീയകക്ഷികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ആകെ കിട്ടിയ തുക ഇപ്രകാരം; ബിജെപി- 6566.12 കോടി, കോൺഗ്രസ് - 1123.31, തൃണമൂൽ കോൺഗ്രസ്- 1092.98, ബിജെഡി - 774 കോടി, ഡിഎംകെ-616 കോടി, ടിആർഎസ് 383.65 കോടി, വൈഎസ്ആർ 382.65 കോടി, ടിഡിപി 146.6 കോടി, എസ്എച്ച്എസ് - 101.38, എഎപി കോടി.
അക്കമിട്ടു നിരത്തി കോടതി
ഇലക്ടറൽ ബോണ്ട് റദ്ദാക്കവെ സുപ്രധാന നിരീക്ഷണങ്ങളാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് നടത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബോണ്ടുകൾ അറിയാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ (19) 1 എയുടെ ലംഘനമാണ് എന്നതാണ്. ഏതു രാഷ്ട്രീയപ്പാർട്ടിക്ക്, ആര് സംഭാവന നൽകുന്നു എന്നറിയാനുള്ള അവകാശം രാജ്യത്തെ പൗരന്മാർക്കുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നിരീക്ഷണം.
രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിങ്ങിനെ കുറിച്ച് അറിയേണ്ട കാര്യം പൗരന്മാർക്കില്ല എന്നാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ വെങ്കിടരമണി വാദിച്ചത്. അറിയാനുള്ള അവകാശം പൊതുവായ അവകാശമല്ലെന്നും വെങ്കിടരമണി വാദിച്ചു. എന്നാൽ എഡിആർ വിഎസ് യൂണിയൻ ഓഫ് ഇന്ത്യ (2002) 5 എസ്.സി 294, പിയുസിഎൽ വിഎസ് യൂണിയൻ ഓഫ് ഇന്ത്യ (2003) 4 എസ്.എസ്.സി 399 കേസുകളെ ഉദ്ധരിച്ച് വോട്ടർമാർക്ക് ഇതേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
താരതമ്യേന സുതാര്യമായ പണമിടപാടുകൾ നടത്താൻ നിർബന്ധിതമാക്കുന്നതാണ് സുപ്രിംകോടതി വിധി. രാഷ്ട്രീയകക്ഷികൾക്ക് ഫണ്ട് സ്വരൂപിക്കാൻ ഏതു തരത്തിലുള്ള നിയമനിർമാണത്തിനാണ് സർക്കാർ മുതിരുക എന്നതാണ് ഇക്കാര്യത്തിൽ നിർണായകമാകുക.