ഭീമ കൊറേഗാവ് കേസ്: ആരോഗ്യസ്ഥിതി മോശം; ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് വരവരറാവു

ഫെബ്രുവരിയിലാണ് റാവുവിന് ബോംബെ കോടതി ആരോഗ്യസ്ഥിതി പരിഗണിച്ച് ആറുമാസത്തെ ജാമ്യം നൽകിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മാർച്ചിലാണ് ജയിൽമോചിതനായത്. ജാമ്യകാലാവധി ഇന്ന് തീർന്നിട്ടുണ്ട്

Update: 2021-09-05 15:48 GMT
Editor : Shaheer | By : Web Desk
Advertising

ഭീമ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയണ് ആറു മാസത്തേക്കുകൂടി ജാമ്യകാലാവധി നീട്ടണമെന്ന് ബോംബെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

നേരത്തെ തലോജ ജയിലിലിരിക്കെ പിടിപെട്ട നാഡീസംബന്ധമായ അസുഖം മൂർച്ഛിച്ചിരിക്കുകയാണെന്നും ഓർമനഷ്ടം അടക്കമുള്ള പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും വരവരറാവുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 84കാരനായ റാവുവിന് മൂത്രസംബന്ധമായ അസുഖങ്ങളുമുണ്ട്. വാര്‍ധക്യ സഹജമായ വേറെയും അസുഖങ്ങള്‍ നേരിടുന്നുണ്ട്. ഇതിനാല്‍, ഈ ഘട്ടത്തില്‍ വീണ്ടും ജയിലിലെത്തിയാല്‍ രോഗം കൂടുതല്‍ വഷളായി ജീവന്‍ അപകടത്തിലാകുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവര്‍ ബോംബെ ഹൈക്കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് റാവുവിന് ബോംബെ കോടതി ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം നൽകിയത്. തുടർന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മാർച്ചിൽ ജയിൽമോചിതനാകുകയും ചെയ്തു. ആറുമാസക്കാലത്തേക്കായിരുന്നു ജാമ്യം. ജാമ്യകാലാവധി ഇന്ന് തീർന്നിട്ടുണ്ട്. കാലാവധി തീരുന്നതോടെ തലോജ ജയിലിൽ കീഴടങ്ങണമെന്നാണ് നേരത്തെ നിർദേശമുണ്ടായിരുന്നത്. എന്നാൽ, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നതിനാല്‍ ജാമ്യകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആനന്ദ് ഗ്രോവർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഹരജിയില്‍ വാദംകേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News