അധികാരത്തിലേറിയാൽ സാമൂഹിക സുരക്ഷാ പെൻഷനുകൾ മൂന്നിരട്ടിയിലധികം വർധിപ്പിക്കും: ബിഹാറിൽ വമ്പൻ വാഗ്ദാനവുമായി ആർജെഡി
അധികാരത്തിലേറിയാല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ ആർജെഡി നേതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
പറ്റ്ന: ബിഹാറില്‍ അധികാരത്തിലേറിയാല്‍ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് നൽകുന്ന തുക മൂന്നിരട്ടിയിലധികം വർധിപ്പിക്കുമെന്ന വാഗ്ദാനവുമായി രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്.
മുതിർന്ന പൗരന്മാർ, വിധവകൾ, വികലാംഗർ എന്നിവർക്ക് നൽകുന്ന തുക പ്രതിമാസം 400 രൂപയിൽ നിന്ന് 1,500 രൂപയായി ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ തേജസ്വി യാദവ് പറഞ്ഞു.
'' അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങൾ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവർക്കും വികലാംഗർക്കും വിധവകൾക്കും സാമൂഹിക സുരക്ഷാ പദ്ധതികൾ വഴി പ്രതിമാസം 1,500 രൂപ കൊടുക്കും''- പാർട്ടി പ്രവർത്തകരുമായി സംവദിക്കവെ തേജസ്വി യാദവ് വ്യക്തമാക്കി.
അധികാരത്തിലേറിയാല്‍ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് നേരത്തെ തന്നെ ആർജെഡി നേതാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് സാമൂഹിക പെന്‍ഷനുകളുടെ വര്‍ധനവും വാഗ്ദാനം ചെയ്യുന്നത്. ജനങ്ങൾക്ക് താൻ വാഗ്ദാനം ചെയ്‌തതെല്ലാം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജാര്‍ഖണ്ഡില്‍ ക്ലിക്കായ പദ്ധതിയാണ്, ബിഹാറിലും പ്രാവര്‍ത്തികമാക്കുമെന്ന് തേജസ്വി യാദവ് പറയുന്നത്. ജാർഖണ്ഡിലെ ഭരണസഖ്യത്തിൽ ആർജെഡിയും പങ്കാളിയാണ്. വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെ സഖ്യം അധികാരം നിലനിർത്തുകയും ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തിരുന്നു.
അടുത്ത വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലാവും ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആർജെഡി പ്രതിപക്ഷത്താണ്. ഇടക്ക് ജെഡിയുവിനൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായിരുന്നു. അന്ന് മഹാസഖ്യ സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ വിവിധ സർക്കാർ വകുപ്പുകളിൽ ആളുകൾക്ക് ജോലി നൽകിയിരുന്നതായും തേജസ്വി വ്യക്തമാക്കി.