ഇ.ഡി ഉദ്യോഗസ്ഥർക്ക് സി.ഐ.എസ്.എഫ് സുരക്ഷയൊരുക്കും
ഉദ്യോഗസ്ഥർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം
ന്യൂഡൽഹി: കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരായ സമീപകാല ആക്രമണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എല്ലാ ഓഫീസുകളിലും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള ഇ.ഡിയുടെ തെരച്ചിലുകളിലോ അന്വേഷണങ്ങളിലോ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ അർദ്ധസൈനികരെ സ്ഥിരമായി വിന്യസിക്കും.
ഇ.ഡിയുടെ കൊൽക്കത്ത യൂണിറ്റിലെ ഒരു സംഘത്തെ ഈ വർഷം ജനുവരി 5ന് ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇതിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ അനുയായികൾ എന്ന് കരുതപ്പെടുന്ന ജനക്കൂട്ടം ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു
ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ കൊൽക്കത്ത, റാഞ്ചി, റായ്പൂർ, മുംബൈ, ജലന്ധർ, ജയ്പൂർ, കൊച്ചി എന്നിവിടങ്ങളിലാണ് അർദ്ധസൈനികരെ വിന്യസിക്കുക.