അനിശ്ചിതത്വം നിറഞ്ഞ മണിക്കൂറുകള്‍, താലിബാന്‍ അകമ്പടി; ഇന്ത്യന്‍ സംഘം നാടണഞ്ഞതിങ്ങനെ..
ഇന്ത്യന്‍ അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കല്‍ ദുര്‍ഘടമായ, സങ്കീര്‍ണമായ പ്രക്രിയ ആയിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവിലാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘം കാബൂളില്‍ നിന്ന് തിരിച്ച് നാട്ടിലെത്തിയത്. 36 മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇന്ത്യന്‍ സംഘത്തിന് അഫ്ഗാന്‍ വിടാനായത്.
എല്ലാവരെയും ഒരുമിച്ച് വിമാനത്താവളത്തിലെത്തിച്ച് ഡല്‍ഹിയിലേക്ക് പുറപ്പെടാനായിരുന്നു പദ്ധതി. ആഗസ്ത് 16ന് 45 ഇന്ത്യക്കാരുമായി വാഹനങ്ങള്‍ സുരക്ഷിതമായി വിമാനത്താവളത്തിലെത്തി. അവരെ തിങ്കളാഴ്ച രാത്രി തന്നെ ഡല്‍ഹിയിലെത്തിക്കാനായി.
എന്നാല്‍ പിന്നാലെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട രണ്ട് സംഘങ്ങളെ താലിബാന്‍ തിരികെ അയച്ചെന്ന് ഒഴിപ്പിക്കല്‍ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 80 പേരടങ്ങിയ സംഘത്തെയാണ് തിരിച്ചയച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി. വീട്ടുതടങ്കലിലായി എന്നാണ് തോന്നിയതെന്ന് ഒരു നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം താലിബാന്‍ അകമ്പടിയില്‍ യാത്രക്കാരെ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. വിമാനത്താവളത്തിലേക്കുള്ള ദൂരം അഞ്ച് കിലോമീറ്റാണ്. വിമാനത്താവളത്തിലെത്താന്‍ അഞ്ച് മണിക്കൂറെടുത്തു. അപരിചിതമായ ചെക്ക് പോസ്റ്റുകള്‍ കടന്നാണ് വാഹനങ്ങള്‍ വിമാനത്താവളത്തിലെത്തിയതെന്ന് സംഘത്തിലുണ്ടായിരുന്ന എഎഫ്പി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളത്തില്‍ അമേരിക്കന്‍ സേനയ്ക്കായിരുന്നു ഏകോപന ചുമതല. ഒടുവില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘം ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഇന്ത്യയിലെത്തിയത്.
ഇന്ത്യന്‍ അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കല്‍ ദുര്‍ഘടമായ, സങ്കീര്‍ണമായ പ്രക്രിയ ആയിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മന്ത്രി പറഞ്ഞു.