പാര്‍ലമെന്റിലെ നിയമ നിര്‍മാണ പ്രക്രിയ പരിഹാസ്യമാകുന്നു :ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

മോബ് ലിഞ്ചിങ്ങിനെതിരെ ഒരു നിയമ നിര്‍മാണം വേണമെന്ന് സുപ്രീംകോടതി രണ്ടു വര്‍ഷം മുമ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

Update: 2021-07-18 12:16 GMT
Advertising

പാര്‍ലമെന്റിലെ നിയമ നിര്‍മാണ പ്രക്രിയ പരിഹാസ്യമാകുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. രാജ്യത്ത് പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ ചര്‍ച്ചകള്‍ നടക്കേണ്ട പാര്‍ലമെന്റ് അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകാതെ അതില്‍ നിന്നെല്ലാം മാറി നടപടിക്രമങ്ങള്‍ എല്ലാം വെട്ടിച്ചുരുക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും അത് മാറണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ന്യൂനപക്ഷങ്ങളും, മറ്റു ദളിത് പിന്നോക്ക വിഭാഗങ്ങളും, സ്ത്രീകളും, കുട്ടികളും അക്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മോബ് ലിഞ്ചിങ്ങിനെതിരെ ഒരു നിയമ നിര്‍മാണം വേണമെന്ന് സുപ്രീംകോടതി രണ്ടു വര്‍ഷം മുമ്പ് നിര്‍ദേശിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. രാജ്യദ്രോഹക്കുറ്റം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്നതിനെ കുറിച്ചും സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഗൗരവമായി എടുത്ത് പാര്‍ലമെന്റില്‍ സമഗ്രമായ ചര്‍ച്ച ഉണ്ടാകണം.

നിയമനിര്‍മാണം നടത്തുമ്പോള്‍ ദേശീയ പ്രാധാന്യം ഉള്ളതും രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളും ഇ.ടി മുന്നോട്ടു വെച്ചു. ലക്ഷദ്വീപിലെ പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിപ്പടരുകയാണ്. അത് സജീവമായി ചര്‍ച്ചക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, പ്രഹ്ളാദ് ജോഷി, പിയൂഷ് ഗോയല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News