'പാർലമെന്റിൽ നടത്തുന്നത് വസ്ത്രാക്ഷേപം, ഇനി മഹാഭാരതയുദ്ധം കാണാം'; മഹുവ മൊയ്ത്ര
മഹുവക്ക് പറയാനുള്ളത് കേൾക്കാൻ സഭ തയ്യാറാകണം എന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം
ന്യൂഡൽഹി: പാർലമെന്റിൽ തനിക്കെതിരെ നടത്തുന്നത് വസ്ത്രാക്ഷേപമെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. പോരാടാൻ തന്നെയാണ് തീരുമാനമെന്നും ഇനി മഹാഭാരതയുദ്ധം കാണാമെന്നും പാർലമെന്റിലേക്ക് കയറും മുമ്പ് മഹുവ പ്രതികരിച്ചു.
മഹുവ മൊയ്ത്രക്ക് എതിരെയുള്ള എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭയിൽ അവതരിപ്പിച്ചു. പിന്നാലെ പ്രതിപക്ഷ പ്രതിഷേധമുണ്ടായതതിനെ തുടർന്ന് ലോക്‌സഭ 2 മണി വരെ നിർത്തി വെച്ചിരിക്കുകയാണ്. ജനപ്രതിനിധിയെ സ്റ്റാൻഡിംഗ് കമ്മിറ്റി പുറത്താക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് ഇൻഡ്യ മുന്നണി പ്രതിഷേധം.
റിപ്പോർട്ട് സഭയിലവതരിപ്പിക്കുന്ന സമയമല്ലൊം ഇൻഡ്യാ മുന്നണി ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന കാഴ്ചയാണ് കണ്ടത്. മഹുവക്ക് പറയാനുള്ളത് കേൾക്കാൻ സഭ തയ്യാറാകണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പക്ഷം. മഹുവയ്‌ക്കെതിരെ ഇപ്പോൾ ആരംഭിച്ച നടപടി ഭാവിയിൽ മറ്റാർക്ക് നേരെ വേണമെങ്കിലും ഉയർന്നേക്കാം എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെയാണ് പ്രതിഷേധവും.
സഭയിൽ ഹാജരാകാൻ ബിജെപിയും കോൺഗ്രസും എംപിമാർക്ക് വിപ് നൽകിയിരുന്നു. മഹുവയെ പുറത്താക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നതാണ് കോൺഗ്രസിന്റെ നിലപാടും. രണ്ട് തവണയാണ് ഇന്ന് സഭ തടസ്സപ്പെട്ടത്.