'ഇത്രയധികം നുണകൾ താങ്ങാന്‍ ടെലിപ്രോംപ്റ്ററിന് പോലും കഴിയില്ല'; മോദിയുടെ ദാവോസ് പ്രസംഗത്തെ ട്രോളി രാഹുൽ ഗാന്ധി

ദാവോസ് വേൾഡ് എക്കണോമിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെയാണ് ടെലി പ്രോംപ്റ്റർ തകരാറിലായത്.

Update: 2022-01-19 06:19 GMT
Editor : Lissy P | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദാവോസ് ലോക എക്കണോമിക്‌സ് ഉച്ചകോടിയിലെ പ്രസംഗത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്രയധികം നുണകള്‍ താങ്ങാന്‍ ടെലിപ്രോംപ്റ്ററിന് പോലും കഴിയില്ലെന്ന് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. ദാവോസ് ഉച്ചകോടിയിൽ സംസാരിച്ചുകൊണ്ടിരിക്കെ പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റർ തകരാറിലാകുകയായിരുന്നു. തുടർന്ന് പ്രസംഗിക്കാനാവാതെ മോദി കുടുങ്ങി. ഈ വീഡിയോ ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമതാണ്‌.

ഹിന്ദിയിലാണ് രാഹുൽ ട്വീറ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ പഴയൊരു വീഡിയോയും ട്വീറ്റിനൊപ്പം ശ്രദ്ധനേടി. നരേന്ദ്രമോദിക്ക് സ്വന്തമായി ഒരു വാക്കുപോലും സംസാരിക്കാൻ കഴിയില്ല. കൺട്രോളർ പ്രവർത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്ററിൽ നോക്കിയാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറയുന്ന വീഡിയോയാണ് ആളുകൾ കുത്തിപ്പൊക്കിയത്. അന്ന് രാഹുൽഗാന്ധി പറഞ്ഞത് ഇന്ന് യാഥാർഥ്യമായി എന്ന തലക്കെട്ടോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.

പാതി വഴിയിൽ പ്രസംഗം നിർത്തേണ്ടിവന്ന സംഭവത്തിന് ശേഷം മോദിയെ ഉന്നം വെച്ച് വൻതോതിലുള്ള ട്രോളുകളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. അഞ്ച് ദിവസം നീളുന്ന വേൾഡ് എക്കണോമിക്‌സ് ഉച്ചകോടിയുടെ ആദ്യദിവസമായ തിങ്കളാഴ്ചയാണ് മോദി അഭിസംബോധന ചെയ്തത്.  രാജ്യത്തിന്റെ മുൻകാല നികുതി പ്രശ്നം പരിഹരിക്കുന്നതിന് തന്റെ ഭരണകൂടം നടപ്പാക്കിയ പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി ഉച്ചകോടിയിൽ സംസാരിച്ചുകൊണ്ടിരുന്നത്. തന്റെ സർക്കാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ആസ്തി ധനസമ്പാദന ശ്രമങ്ങളും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും അദ്ദേഹം വിശദീകരിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News