'വോട്ട് കുത്തിയത് സൈക്കിളിൽ, പോയത് താമരയ്ക്ക്'; യു.പിയിൽ ഇ.വി.എം മെഷീനില്‍ ക്രമക്കേടെന്നു പരാതി
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം
ലഖ്‌നൗ: ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ(ഇ.വി.എം) പരാതി. ലഖിംപൂർ ഖേരിയിലാണ് ഇ.വി.എമ്മിൽ ക്രമക്കേട് ആരോപിച്ച് വോട്ടർമാർ രംഗത്തെത്തിയത്. സൈക്കിൾ ചിഹ്നത്തിൽ കുത്തിയപ്പോൾ താമരയ്ക്കാണ് വോട്ട് പോയതെന്നാണു പരാതി.
വോട്ടിങ് മെഷീനിൽ സമാജ്‌വാദി പാർട്ടി ചിഹ്നമായ സൈക്കിളിൽ കുത്തിയപ്പോൾ വി.വി പാറ്റിൽ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടർമാർ പറയുന്നത്. സംഭവത്തിൽ വോട്ടർമാർ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫിസർ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായും വോട്ടർമാർ രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഹിന്ദി മാധ്യമമായ 'യു.പി തക്' റിപ്പോർട്ട് ചെയ്തു.
വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയപ്പോൾ താങ്കളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു തടയുകയായിരുന്നു പ്രിസൈഡിങ് ഓഫിസർ. പ്രതിഷേധങ്ങൾക്കൊടുവിൽ വോട്ട് ചെയ്യാൻ അനുവദിച്ചു. അങ്ങനെ ഇ.വി.എമ്മിൽ സൈക്കിൽ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ ബി.ജെ.പിയുടെ പേരാണ് വി.വി പാറ്റിൽ വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഇതേസമയത്ത് വോട്ട് ചെയ്യാൻ ശ്രമിച്ച അഞ്ചുപേർക്ക് വോട്ട് പൂർത്തിയാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപൂർഖേരിയിൽ കർഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. എസ്.പിയുടെ ഉത്കർഷ് വർമയാണു പ്രധാന എതിരാളി. 2014ലും 2019ലും വൻ ഭൂരിപക്ഷത്തിനാണ് അജയ് മിശ്ര ഇവിടെ വിജയിച്ചത്. 2021ൽ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പരിപാടിയിലേക്കു നടന്ന കർഷക പ്രതിഷേധത്തിനുനേരെയായിരുന്നു കേന്ദ്രമന്ത്രിയുടെ പുത്രൻ കാറിടിച്ചുകയറ്റിയത്. കർഷകർക്കുനേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ എട്ടു കർഷകരാണു കൊല്ലപ്പെട്ടത്.
ലഖിംപൂർഖേരി സംഭവം ഇത്തവണ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ലഖിംപൂർഖേരിക്കു പുറമെ യു.പിയിൽ മറ്റ് 12 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
Summary: 'Pressed cycle symbol, vote went to lotus': Voters allege EVM tampering in Lakhimpur Kheri Lok Sabha Seat in UP