മുന്നാക്ക സംവരണത്തിനെതിരെ പുതുച്ചേരിയിൽ ആളിക്കത്തി പ്രതിഷേധം; മുൻനിരയിൽ കോൺഗ്രസും സി.പി.ഐയും

സെക്രട്ടറിയേറ്റ് ഉപരോധത്തിനിടെ പുതുച്ചേരി പ്രതിപക്ഷ നേതാവ് ആർ. ശിവ, മുൻ മുഖ്യമന്ത്രി വി. നാരായണസാമി, പുതുച്ചേരി കോൺഗ്രസ് അധ്യക്ഷൻ എ.വി സുബ്രമണ്യൻ, സി.പി.ഐ സെക്രട്ടറി എ.എം സലീം ഉൾപ്പെടെ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു നീക്കി

Update: 2022-11-19 05:13 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കകാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള നീക്കത്തിനെതിരെ പുതുച്ചേരിയിൽ ഇടത്, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം. സെക്യുലർ ഡെമോക്രാറ്റിക് പ്രോഗ്രസീവ് അലയൻസ്(എസ്.ഡി.പി.എ) എന്ന പേരിൽ ഡി.എം.കെയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രതിപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധിച്ചു.

വെള്ളിയാഴ്ച പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ഡി.എം.കെയ്ക്കു പുറമെ കോൺഗ്രസ്, സി.പി.ഐ, വി.സി.കെ നേതാക്കളും പ്രവർത്തകരും ഉപരോധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് ആർ. ശിവ, മുൻ മുഖ്യമന്ത്രി വി. നാരായണസാമി, പുതുച്ചേരി കോൺഗ്രസ് അധ്യക്ഷൻ എ.വി സുബ്രമണ്യൻ, സി.പി.ഐ സെക്രട്ടറി എ.എം സലീം, ലോക്‌സഭാ അംഗം വി. വൈതിലിംഗം ഉൾപ്പെടെ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തുനീക്കി.

എൻ.ആർ കോൺഗ്രസ്-ബി.ജെ.പി സഖ്യമാണ് പുതുച്ചേരിയിൽ അധികാരത്തിലുള്ളത്. സുപ്രിംകോടതി ശരിവച്ച മുന്നാക്ക സംവരണം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ശക്തമാക്കിയത്.

ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികളെ സംഘടിപ്പിച്ച് വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായായിരുന്നു ഇന്നലത്തെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടന്നത്. സംസ്ഥാനത്തെ സർക്കാർ ജോലികളിൽ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കരുതെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനു പുറമെ എല്ലാ സർക്കാർ ജോലികളിലും സംസ്ഥാനത്തെ യുവാക്കളെ മാത്രമേ നിയമിക്കാവൂവെന്നും ആവശ്യമുണ്ട്.

Summary: Opposition parties protest against implementation of EWS quota in Puduchery and siege Secretariat on Friday

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News