ഗുജറാത്തിലെ ഒമെർട്ട കോഡും മറ്റ് വസ്തുതകളും; ഞെട്ടിക്കുന്ന വിവരങ്ങളുമായി മുൻ ഡിജിപിയുടെ പുസ്തകം
കനഡ് ഗ്രാമത്തിൽ, വിവാഹിതയായ യുവതിയെ തല്ലിക്കൊന്ന് കുഴിച്ചിട്ട കേസിലാണ് ഒമെർട്ട കോഡിനെ പറ്റി കുൽദീപ് ശർമ വിവരിക്കുന്നത്
"എനിക്ക് വേണമെങ്കിൽ ആ ഗ്രാമവാസികളെ മുഴുവൻ വിചാരണ ചെയ്യാമായിരുന്നു... പക്ഷേ അതിൽ ഒരു കാര്യവുമുണ്ടാകില്ലെന്ന് അന്നേ മനസ്സിലായി... ആരും ഒന്നും മിണ്ടാൻ പോകുന്നില്ല... ഇതാണ് അവിടുത്തെ രീതി... ദർബാർ പോലെ, പ്രബലമായ ജാതിയിൽ നിന്നുള്ളവർക്കെതിരെ മൊഴി നൽകാനുള്ള പേടി, മടി, നേരിടേണ്ടി വന്നേക്കാവുന്ന ദുഷ്പ്രചരണം, പുരുഷാധിപത്യം...ഇവയൊക്കെ ആ ഗ്രാമത്തെയാകെ മൂടിയിരിക്കുന്ന അതിഭീകരമായ നിശബ്ദതയ്ക്ക് കാരണങ്ങളാവാം...
ഒമെർട്ട എന്ന ഇറ്റാലിയൻ പദപ്രയോഗം ചൂണ്ടിക്കാട്ടുന്ന ഈ നിശബ്ദത, ഇങ്ങിവിടെ ഇന്ത്യയിലും പ്രചാരത്തിലുണ്ടെന്നത് എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു... കുറ്റകൃത്യത്തിന്റെ പേരിൽ ഉന്നത ഉദ്യോഗസ്ഥരാൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരക്ഷരം മിണ്ടാതെ നിശബ്ദരായി, മറുപുറത്ത് നിസ്സഹായാവസ്ഥ സൃഷ്ടിക്കുക... ഗുജറാത്തിലെ കനഡ് ഗ്രാമത്തിലും അത്തരത്തിൽ ഒമെർട്ട കോഡിന്റെ പ്രയോഗം ഞാൻ കണ്ടു.
പൊലീസ് സേനയിൽ എന്തിനോടും ഏതിനോടും സൂഷ്മ നിരീക്ഷണം അനിവാര്യമാണ്. പ്രത്യേകിച്ച് ഒരു സബ് ഡിവിഷനൽ പൊലീസ് ഓഫീസർക്ക്... ഏത് തരം ആളുകളിൽ നിന്നും തങ്ങൾക്ക് വേണ്ട വിവരങ്ങൾ ചോദിച്ചറിയുക എന്ന കഴിവാണ് ഈ ജോലി ആവശ്യപ്പെടുന്നത്...."
മുൻ ഐപിഎസ് ഓഫീസറും റിട്ടയേർഡ് ഡിജിപിയുമായ കുൽദീപ് ശർമയുടെ, 'ഡയറി ഓഫ് എ സബ് ഡിവിഷനൽ പൊലീസ് ഓഫീസർ' എന്ന പുസ്തകത്തിലെ വരികളാണിത്. ഗുജറാത്തിൽ 1979നും 80നുമിടയിലെ സേവനകാലയളവിൽ അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഇറ്റാലിയൻ മാഫിയകൾക്കിടയിൽ പ്രചാരത്തിലുള്ള ഒമെർട്ട എന്ന കോഡ് ഗുജറാത്തിലെ കുഗ്രാമങ്ങളിലുൾപ്പടെ പ്രചാരത്തിലുണ്ടെന്ന വെളിപ്പെടുത്തലും ഗുരുതര കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യുന്നതിന് പൊലീസിലുണ്ടാകുന്ന നടപടിക്രമങ്ങളും അദ്ദേഹം വിശദമായി തന്നെ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കനഡ് ഗ്രാമത്തിൽ, വിവാഹിതയായ യുവതിയെ തല്ലിക്കൊന്ന് കുഴിച്ചിട്ട കേസിലാണ് വിശ്വവിഖ്യാതമായ ഒമെർട്ട കോഡിനെ പറ്റി കുൽദീപ് ശർമ വിവരിക്കുന്നത്. സവർണജാതികൾക്ക് മേൽക്കോയ്മയുള്ള, ഗുജറാത്തിലെ അനേകം ചില ഗ്രാമങ്ങളിലൊന്നാണ് കനഡ്. ഇവിടെ സർവസാധാരണമായ ഇത്തരം കൊലപാതകങ്ങൾക്ക് പക്ഷേ സാക്ഷികളാരും തന്നെ ഉണ്ടായിരുന്നില്ല. കൊലപാതകി ഉയർന്ന ജാതിയിൽ നിന്നുള്ളവരാണെങ്കിൽ പ്രതിസ്ഥാനം ഒഴിഞ്ഞുകിടക്കും.
കേസ് അന്വേഷിക്കാനെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ കാത്തിരിക്കുക, ഗ്രാമവാസികളുടെ ഭയപ്പെടുത്തുന്ന നിശബ്ദതയാണ്. സ്വജാതിയിൽ നിന്നൊരു കൊലപാതകിയുണ്ടായാൽ അത് വഴിവെച്ചേക്കാവുന്ന ദുഷ്പ്രചരണവും, പ്രതിയെ ഒറ്റിക്കൊടുക്കുന്നവർ ഭാവിയിൽ നേരിടുന്ന ഒറ്റപ്പെടലുമൊക്കെ പ്രതിയെ ആരെന്ന് വ്യക്തമെങ്കിലും അത് വെളിപ്പെടുത്താൻ ഗ്രാമവാസികളിൽ ഒരു ഭയമുണ്ടാക്കും. കനഡിലെ കേസിൽ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വ്യക്തിയിൽ നിന്നെത്തിയ നിർണായക വിവരം വലിയ വഴിത്തിരിവായതും കുൽദീപ് വിവരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കേ, സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം നിരവധി തവണ വാർത്തകളിലിടം പിടിച്ചിട്ടുണ്ട് കുൽദീപ്. 2002ലെ ഗോധ്ര സംഘർഷവും മാധവ്പൂര കോ-ഓപറേറ്റീവ് ബാങ്ക് കേസും സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് സംഘർഷവുമൊക്കെ ശർമ-സർക്കാർ പോര് കോടതിയിലുമെത്തിച്ചു.സേനയിലെ കരുത്തനായ ഉദ്യോഗസ്ഥനെന്ന ഖ്യാതി നേടി ഗുജറാത്തിലെത്തിയ കുൽദീപിനെ, ഗുജറാത്ത് ഷീപ് ആൻഡ് വൂൾ കോർപറേഷന്റെ എംഡിയായി നിയമിച്ചത് ഈ പോരിന് സർക്കാർ കാത്തുവച്ചിരുന്ന സമ്മാനമായിരുന്നു.
2012ൽ വിരമിച്ചതിന് ശേഷം ആഭ്യന്തരമന്ത്രാലയത്തിൽ കുറച്ചു കാലം പ്രത്യേക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട് കുൽദീപ്. 2015ൽ കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ സജീവ സാന്നിധ്യമായിരുന്നു.