ബലാത്സം​ഗ- കൊലക്കേസ് പ്രതി ​ഗുർമീത് റാമിന് നിരന്തരം പരോൾ നൽകിയ ജയിൽ സൂപ്രണ്ട് ബിജെപിയിൽ; തെരഞ്ഞെടുപ്പിൽ മത്സരിക്കും

റോഹ്തക്കിലെ സുനാരിയ ജയിൽ സൂപ്രണ്ടായിരിക്കവെയാണ് ഇയാൾ ​ഗുർമീത് റാമിന് തുടർച്ചയായി പരോൾ അനുവദിച്ചിരുന്നത്.

Update: 2024-09-04 10:48 GMT
Advertising

ചണ്ഡീ​ഗഢ്: നിരവധി ബലാത്സം​ഗ- കൊലക്കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം ​ഗുർമീത് റാം റഹീം സിങ്ങിന് തുടർച്ചയായി പരോൾ അനുവദിച്ച ജയിൽ സൂപ്രണ്ട് ബിജെപിയിൽ. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന സുനിൽ സാങ്‌വാൻ ആണ് സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇയാൾ ചാർഖി ദാദ്രി സീറ്റിൽനിന്ന് മത്സരിക്കും.

നേരത്തെ, റോഹ്തക്കിലെ സുനാരിയ ജയിൽ സൂപ്രണ്ടായിരിക്കവെയാണ് ഇയാൾ ​ഗുർമീത് റാമിന് തുടർച്ചയായി പരോൾ അനുവദിച്ചിരുന്നത്. ആറ് തവണയാണ് ​ഗുർമീത് റാം പരോൾ ഉൾപ്പെടെ നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ജയിൽ സൂപ്രണ്ട് സ്ഥാനം സാങ്‌വാൻ രാജിവച്ചത്. മുൻ ഹരിയാന മന്ത്രി സത്പാൽ സാങ്‌വാന്റെ മകനായ സുനിൽ സാങ്‌വാൻ ബിജെപി സീറ്റ് വാ​ഗ്ദാനത്തിനു പിന്നാലെ സ്ഥാനമൊഴിയുകയും പാർട്ടിയിൽ ചേരുകയുമായിരുന്നു.

ഇയാൾക്കൊപ്പം ജെജെപി നേതാവ് ദേവേന്ദർ സിങ് ബബ്ലിയും ബിജെെപിയിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലി, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് എന്നിവരാണ് മെംബർഷിപ്പ് നൽകി സുനിൽ സാങ്‌വാനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും നയങ്ങളാണ് തന്നെ പാർട്ടിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് സുനിൽ സാങ്‌വാൻ അവകാശപ്പെട്ടു. സുനിലിന്റെ പിതാവ് സത്പാൽ സാങ്‌വാൻ രണ്ട് മാസം മുമ്പാണ് കോൺ​ഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

22 വർഷത്തിലേറെയായി സർവീസിലുണ്ടായിരുന്ന സാങ്‌വാൻ, 2002ലാണ് ഹരിയാന ജയിൽ വകുപ്പിൽ ചേർന്നത്. റോഹ്തക്കിലെ സുനാരിയ ജയിൽ ഉൾപ്പെടെ നിരവധി ജയിലുകളുടെ സൂപ്രണ്ടായി ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് വർഷമാണ് ഇയാൾ സുനാരിയ ജയിൽ സൂപ്രണ്ടായി ഇരുന്നത്.

ബിജെപി പ്രവേശനത്തിനു മുന്നോടിയായി ഗുരുഗ്രാം ജില്ലാ ജയിൽ സൂപ്രണ്ട് തസ്തികയിൽ നിന്ന് സ്വമേധയാ വിരമിക്കാനുള്ള ഇയാളുടെ അപേക്ഷ അം​ഗീകരിക്കുന്ന നടപടികൾ അവധിദിനമായിട്ടും ഞായറാഴ്ച തന്നെ ഹരിയാന സർക്കാരും പൊലീസ് മേധാവിയും വേ​ഗത്തിലാക്കിയിരുന്നു.

നിരവധി ബലാത്സംഗത്തിനും കൊലപാതകങ്ങള്‍ക്കും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം ഇപ്പോഴും പരോളിലാണ്. കഴിഞ്ഞമാസം പകുതിയോടെയാണ് ഇയാൾക്ക് വീണ്ടും പരോള്‍ ലഭിച്ചത്. 21 ദിവസത്തേക്കാണ് ഗുര്‍മീതിന് പരോള്‍ നൽകിയത്. തുടർന്ന് ആ​ഗസ്റ്റ് 13ന് പുലർച്ചെ ഇയാൾ റോഹ്തക് സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജയിലിലായ ശേഷം പത്താം തവണയാണ് ഇയാള്‍ പുറത്തിറങ്ങുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News