മഹാരാഷ്ട്രയിൽ എ.ഐ.എം.ഐ.എം നേതാവിന് വെടിയേറ്റു
നെഞ്ചിലും കൈയ്ക്കും കാലിനും വെടിയേറ്റ മലേഗാവ് മുൻ മേയർ കൂടിയായ അബ്ദുൽ മാലികിന്റെ സ്ഥിതി ഗുരുതരമാണെന്നാണു വിവരം
മുംബൈ: മലേഗാവ് മുൻ മേയറും എ.ഐ.എം.ഐ.എം നേതാവുമായ അബ്ദുൽ മാലിക് യൂനുസ് ഈസയ്ക്ക് വെടിയേറ്റു. ഇന്നു പുലർച്ചെ നാസിക് ജില്ലയിലെ മലേഗാവിൽ ഒരു ഹോട്ടലിലാണു സംഭവം. ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മാലികിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് ആക്രമണം നടന്നത്. മലേഗാവിലെ ഓൾഡ് ആഗ്ര റോഡിലുള്ള ഒരു ഹോട്ടലിനു പുറത്ത് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുൽ മാലിക്. ഈ സമയത്ത് ബൈക്കിലെത്തിയ അജ്ഞാതസംഘം അദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണ നിറയൊഴിച്ചതായാണു ദൃക്‌സാക്ഷികൾ പറയുന്നത്. വെടിവയ്പ്പിനു പിന്നാലെ സംഘം രക്ഷപ്പെടുകയും ചെയ്തു.
ആക്രമണത്തിനു പിന്നാലെ അബ്ദുൽ മാലികിനെ മലേഗാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി നാസികിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കൈയിലും കാലിലും വെടിയേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണു വിവരം.
ആക്രമണ വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് നൂറുകണക്കിന് എ.ഐ.എം.ഐ.എം പ്രവർത്തകർ തടിച്ചുകൂടി. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ നൂറുകണക്കിന് പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
എ.ഐ.എം.ഐ.എമ്മിന്റെ മലേഗാവ് സെൻട്രൽ എം.എൽ.എ മുഹമ്മദ് ഇസ്മായിൽ അബ്ദുൽ ഖാലിഖ് ആശുപത്രിയിലെത്തി അബ്ദുൽ മാലികിനെ സന്ദർശിച്ചു. പ്രതികളെ ഒട്ടും താമസമില്ലാതെ പിടികൂടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ തിരിച്ചറിയാനാകാത്ത രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസിയും പ്രതികരിച്ചു. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഷയത്തിൽ ഇടപെടണമെന്നും അടിയന്തര നടപടികൾ സ്വീകരിക്കാൻ പൊലീസിനോട് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
15 വർഷമായി മലേഗാവിൽ കൗൺസിലറായിരുന്നു അബ്ദുൽ മാലിക്. കോർപറേഷൻ മേയറായും കൗൺസിലറായും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ ജനകീയനാണ്. നിലവിൽ മലേഗാവ് മഹാനഗർ എ.ഐ.എം.ഐ.എം അധ്യക്ഷനാണ്.
Summary: Ex-Malegaon mayor and AIMIM leader Abdul Malik shot thrice in Maharashtra's Nashik