കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പലിന്റെ കസ്റ്റഡി കാലാവധി നീട്ടി
ചർച്ച ചെയ്ത ശേഷം പ്രതിഷേധ സമരം അവസാനിപ്പിക്കുമെന്ന് ജൂനിയർ ഡോക്ടർമാർ
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ കസ്റ്റഡി കാലാവധി നീട്ടി. മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.
സിബിഐ അന്വേഷണത്തെ മനഃപ്പൂർവം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പേരിലാണ് മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ കൊലപാതകത്തിൽ തെളിവുകൾ നഷ്ടമാക്കിയത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ സന്ദീപ് ഘോഷിനെതിരെയുണ്ട്.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് താലാ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരുടെയും കസ്റ്റഡി കാലാവധിയാണ് മൂന്ന് ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്.
ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടിലും മുൻ പ്രിൻസിപ്പലിന് ബന്ധമുണ്ട്. അതേസമയം ആർജി കർ ആശുപത്രിയിൽ 38 ദിവസമായി തുടരുന്ന പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചേക്കും. ജൂനിയർ ഡോക്ടർമാരുടെയും ബംഗാളിലെ സംയുക്ത പിജി ഡോക്ടർമാരുടെയും യോഗങ്ങൾക്ക് ശേഷമാണ് അന്തിമ തീരുമാനം ഉണ്ടാവുക.
അതിനിടെ കൊൽക്കത്ത പുതിയ കമ്മീഷണറായി മനോജ് കുമാർ വർമ്മ ചുമതലയേറ്റു. വിവാദത്തിലായ മുൻ കമ്മീഷണർ വിനീത് ഗോയൽനെ ബംഗാൾ സ്പെഷ്യൽ ടാസ്ക് ഫോഴ്സിൽ നിയമിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന ചർച്ചയിൽ സമരക്കാരുടെ മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് താൽക്കാലികമായി എങ്കിലും പ്രതിഷേധത്തിന് അയവ് വരുത്താൻ സാധിച്ചത്.