'വിൻഡോ സീറ്റ് വേണമെന്ന് മകൾ വാശിപിടിച്ചു, അവസാന നിമിഷം കോച്ച് മാറി'; ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് എട്ടുവയസുകാരിയും പിതാവും രക്ഷപ്പെട്ടത് തലനാരിഴക്ക്

''ഞങ്ങളുടെ സീറ്റിലിരുന്ന രണ്ട് യാത്രക്കാർക്ക് എന്തുപറ്റിയെന്ന് അറിയില്ല, ആ കോച്ച് പൂര്‍ണമായും തകര്‍ന്നു''

Update: 2023-06-04 06:53 GMT
Editor : Lissy P | By : Web Desk
Advertising

ഭുവനേശ്വർ: മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായത്. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. അവസാനനിമിഷം സീറ്റ് മാറിയതിനാൽ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കുകയാണ് എട്ടുവയസുകാരിയും പിതാവും. എം.കെ ദേബും  മകൾ സ്വാതിയും കോറോമാണ്ടൽ എക്‌സ്‌പ്രസിൽ  ഖരഗ്പൂരിൽ നിന്നാണ്  കയറിയത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവർ യാത്രതുടങ്ങിയത്. എന്നാൽ ജനാലക്കരികിൽ യാത്ര ചെയ്യണമെന്ന് മകൾ വാശിപിടിച്ചു. മകൾ വാശിപിടിച്ചതിനെതുടർന്ന് മറ്റ് രണ്ടുയാത്രക്കാരുമായി സീറ്റുമാറ്റുകയായിരുന്നെന്ന് പിതാവ് ടൈംസ് നൗവിനോട്  പറഞ്ഞു.

'തേർഡ് എസി കോച്ചിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നെങ്കിലും ജനലിനു സമീപം ഇരിക്കാൻ കുട്ടി നിർബന്ധിച്ചു. മകളുടെ നിർബന്ധപ്രകാരം ടി.ടി.ഇയോട് സീറ്റ് മാറ്റിത്തരാൻ അഭ്യർഥിച്ചു. തുടർന്നാണ് മറ്റൊരു കോച്ചിൽ രണ്ടു ആളുകളുമായി സീറ്റ് മാറ്റിയത്. അവർ ഞങ്ങളുടെ കോച്ചിൽ പോയി ഇരുന്നു. അപകടത്തിൽ ഞങ്ങൾ നേരത്തെ റിസർവ് ചെയ്ത കോച്ച് അപ്പാടെ തകർന്നു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ യാത്ര കോച്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല'...പിതാവ് പറയുന്നു.

'ഞങ്ങളുമായി സീറ്റ് മാറ്റാൻ സമ്മതിച്ച രണ്ട് യാത്രക്കാരുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അവരുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതേസമയം, ജീവൻ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞു. ഇരുവർക്കും നിസാരപരിക്കുകൾ മാത്രമാണ് പറ്റിയത്. കുട്ടിയെ ഡോക്ടറെ കാണിക്കാനായി കട്ടക്കിലേക്ക് പോകുകയായിരുന്നു ഇരുവരും.ഖരഗ്പൂരിലെ സർക്കാർ ജീവനക്കാരനാണ് ദേബ്.

ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന് എന്നിവ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം, ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടായതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംഭവത്തിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തി. റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കുന്നതിലാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സംഭവത്തിന്റെ കാരണവും അതിന് ഉത്തരവാദികളെയും ഞങ്ങൾ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെയോടെ റെയിൽവേ അറ്റകുറ്റ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാൻ ശ്രമിക്കും. എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്‌തെന്നും മന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അറിയിച്ചു.ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News