ഡല്‍ഹിയിലെ പൊട്ടിത്തെറി; ഖലിസ്ഥാൻ ബന്ധത്തിൽ അന്വേഷണം ശക്തം
ഖലിസ്ഥാന്‍ ഭീകര ബന്ധമുള്ള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലിഗ്രാം ചാനലിലാണ് സ്‌ഫോടനത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ പ്രചരിച്ചത്
ന്യൂഡൽഹി: ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലുണ്ടായ പൊട്ടിത്തെറിയിലെ ഖലിസ്ഥാൻ ബന്ധത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. ഖലിസ്ഥാന്‍ ഭീകര ബന്ധമുള്ള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന ടെലിഗ്രാം ചാനലിലാണ് സ്‌ഫോടനത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഈ ഗ്രൂപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടി ഡൽഹി പോലീസ് ടെലിഗ്രാമിന് കത്തയച്ചു. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ തിരക്കുള്ള മേഖലകളിൽ പോലീസ് സുരക്ഷ ശക്തമാക്കി.
ഡൽഹി രോഹിണിയിൽ സിആർപിഎഫ് സ്കൂളിന് സമീപമാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. രാവിലെ 7.47ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സ്കൂളിന് കേടുപാടുകൾ സംഭവിച്ചു. സ്കൂളിനടുത്ത് പാർക്ക് ചെയ്തിട്ടുള്ള കാറുകളുടെ ചില്ലുകൾ തകർന്നിരുന്നു. സ്ഫോടനത്തിൽ ആളപായമുണ്ടായിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.