ജമ്മു വ്യോമസേനാ കേന്ദ്രത്തില്‍ സ്ഫോടനം
ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയാണ്.
ജമ്മുവിലെ വ്യോമസേനാ കേന്ദ്രത്തില്‍ സ്ഫോടനം. ടെക്നിക്കല്‍ ഏരിയയിൽ ഇന്ന് പുലർച്ചെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡ്രോണ്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എയർ മാർഷല്‍ വിക്രം സിങ് സംഭവ സ്ഥലത്തേക്ക് തിരിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ഒരാളെ ചോദ്യം ചെയ്ത് വരികയാണ്. നെര്‍വാളില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുമായി ഒരാളെ പിടികൂടിയത്. 5 കിലോ സ്ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നും അന്വേഷണം തുടരുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
അഞ്ച് മിനിട്ട് ഇടവേളയില്‍ രണ്ട് സ്ഫോടനങ്ങളാണുണ്ടായത്. ആദ്യ സ്ഫോടനത്തില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ജമ്മു വിമാനത്താവള ഏരിയയില്‍ തന്നെയാണ് വ്യോമസേനാ കേന്ദ്രവും. ബോംബ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഭീകരാക്രമണമാണോ നടന്നത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.