കരുത്തുണ്ട്, സുരക്ഷയും; എന്നിട്ടും കോപ്റ്റർ തകർന്നതെങ്ങനെ?
അസാധാരണ പ്രതികൂല കാലാവസ്ഥയെ പോലും പ്രതിരോധിക്കാനുള്ള ശേഷിയുള്ള ട്രാന്‍സ്പോര്‍ട്ട് കോപ്റ്ററാണ് എംഐ 17 വി-5
ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ ഹെലികോപ്റ്ററുകളിൽ ഒന്നായ എംഐ 17 വി-5 തമിഴ്‌നാട്ടിലെ കൂനൂരിൽ തകർന്നു വീണ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിൽ നിരവധി ചോദ്യങ്ങളാണ് ഇന്ത്യൻ സേന അഭിമുഖീകരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റഷ്യൻ നിർമിതമായ കോപ്റ്റർ എങ്ങനെ തകർന്നു വീണു എന്നതാണ്. സേനയുടെ ഏറ്റവും കരുത്തുറ്റതും വിശ്വസനീയവുമായ കോപ്റ്ററാണ് എംഐ 17 വി-5.
കനത്ത മൂടൽ മഞ്ഞിൽ മരത്തിന്റെ ചില്ലയിൽ തട്ടിയാണ് അപകടമുണ്ടായത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. എന്നാൽ അസാധാരണ പ്രതികൂല കാലാവസ്ഥയെ പോലും പ്രതിരോധിക്കാനുള്ള ശേഷിയുള്ള ട്രാന്‍സ്പോര്‍ട്ട് കോപ്റ്ററാണ് എംഐ 17 വി-5 എന്നതാണ് ശ്രദ്ധേയമായ വസ്തുത. കോപ്റ്ററിൽ ഇരുട്ടിൽ കാഴ്ച സാധ്യമാക്കുന്ന നൈറ്റ് വിഷൻ എക്യുപ്‌മെന്റും ഗ്ലാസ് കോക്പിറ്റുമാണ് ഉള്ളത്. കോപ്റ്ററിന് സാങ്കേതികപ്പിഴവുകൾ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്. ജനറൽ റാവത്തിനെ പോലുള്ള വിവിഐ യാത്ര ചെയ്യുന്നതിന് മുമ്പ് കർശന സുരക്ഷാ പരിശോനകൾ നടന്നിട്ടുണ്ടാകുമെന്ന് വ്യക്തം. വിഐപി യാത്രകൾക്ക് മുമ്പ് ത്രിതല സാങ്കേതിക പരിശോധനകൾക്ക് വാഹനങ്ങൾ വിധേയമാകണം എന്നാണ് സേനാ ചട്ടം. അതിനു ശേഷം എയർക്രാഫ്റ്റ് സീൽ ചെയ്യും. പിന്നീടാണ് ടേക്ക് ഓഫ് ചെയ്യുക.
ബുധനാഴ്ച രാവിലെ 11.48നാണ് കോപ്റ്റർ സുലുർ എയർബേസിൽ നിന്ന് പറന്നുയർന്നത്. വെല്ലിങ്ടണിൽ 12.15നാണ് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 12.08ന് സൂലൂരിലെ എയർ ട്രാഫിക് കൺട്രോളുമായി കോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. ലാൻഡ് ചെയ്യാൻ ഏഴു മിനിറ്റ് മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടമെന്ന് ചുരുക്കം.
13,000 കിലോമീറ്റർ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള കോപ്റ്ററാണിത്. മണിക്കൂറിൽ വേഗം 250 കിലോമീറ്റർ. യുദ്ധസജ്ജരായ 36 സൈനികർക്ക് ഒന്നിച്ചു യാത്ര ചെയ്യാം. കോപ്റ്ററിന്റെ സ്ലിങ്ങിൽ തൂക്കിയിട്ട നിലയിൽ 4000-4500 കിലോ ഗ്രാം ഭാരം വഹിക്കാനും ഇവയ്ക്കാകും. എയർ ആംബുലൻസായും അഗ്നി ശമനാ ദൗത്യങ്ങൾക്കും ഉപയോഗിക്കാൻ ഇവ അനുകൂലമാണ്. അടിയന്തര ഘട്ടത്തിൽ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കാനുള്ള ഫ്‌ളോട്ടിങ് സിസ്റ്റവും മി17 വി 5ൽ തയ്യാറാക്കാനാകും. ഇരട്ടയെഞ്ചിനുണ്ടെങ്കിലും ഒറ്റ എഞ്ചിനെ ആശ്രയിച്ചു മാത്രം പറക്കാനും ലാൻഡ് ചെയ്യാനും കോപ്റ്ററിനാകും. അതു കൊണ്ടു തന്നെയാണ് വിദഗ്ധർ എംഐ 17 വി-5 സുരക്ഷിതമാണ് എന്നു വിലയിരുത്തുന്നത്.