ഫിസിക്സിനും കെമിസ്ട്രിക്കും എട്ട് നിലയിൽ പൊട്ടി; എന്നിട്ടും നീറ്റിൽ 99% മാർക്ക്
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ തോറ്റ അഞ്ജലി എങ്ങനെയാണ് നീറ്റ് എക്സാമിൽ മികച്ച വിജയം നേടിയതെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്
ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സിനും കെമിസ്ട്രിക്കും എട്ട് നിലയിൽ പൊട്ടിയ വിദ്യാർഥിനിക്ക് നീറ്റ് എക്സാമിൽ 720-ൽ 705 മാർക്ക്. പട്ടേൽ അഞ്ജലി ഹിർജിഭായ് എന്ന വിദ്യാർഥിനിയാണ് പ്ലസ്ടുവിന് തോറ്റിട്ടും നീറ്റിൽ 99.94 ശതമാനം മാർക്ക് നേടി വിദ്യാഭ്യാസ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷയിൽ മുഴുവൻ ചിലർക്ക് മാർക്ക് ലഭിച്ചതും ചോദ്യപ്പേപ്പർ ചോർന്നതടക്കമുള്ള ക്രമക്കേടുകൾ വലിയ ചർച്ചയാകുകയും സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് അഞ്ജലിക്ക് നീറ്റിൽ ലഭിച്ച മാർക്ക് പുറത്തുവരുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലടക്കം മികച്ച മാർക്ക് നേടിയ അഞ്ജലിക്ക് നീറ്റ് എക്സാമിൽ 99.94 ശതമാനമെന്ന റെക്കോർഡ് മാർക്കാണ് ലഭിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷയിൽ 720-ൽ 705-ൽ മാർക്ക് നേടിയതോടെ വിദ്യാർഥിനി ശ്രദ്ധിക്കപ്പെടുകയും അതിൽ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അതിനിടയിലാണ് പെൺകുട്ടിയുടെ 12 ാം ക്ലാസിലെ പരീക്ഷാ ഫലം എക്സിൽ പ്രത്യക്ഷപ്പെട്ടത്.പ്ലസ്ടു പരീക്ഷയിൽ മിക്ക പേപ്പറുകൾക്കും കുറഞ്ഞ മാർക്കാണ് അഞ്ജലിക്ക് ലഭിച്ചിരിക്കുന്നത്. ഫിസിക്സിനും കെമിസ്ട്രിക്കും ജയിക്കാനാകാത്ത ആൾക്കെങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷകളിലൊന്നിൽ മികച്ച വിജയം നേടാനായതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. നീറ്റ് പരീക്ഷക്ക് പിന്നിൽ നടക്കുന്ന വലിയ അഴിമതിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നീറ്റ് സ്കോറിന്റെ ആധികാരിതക്കെതിരെ പലരും രംഗത്തെത്തി.പെൺകുട്ടിയുടെ മാർക്കിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി എക്സിലടക്കം വലിയ ചർച്ചകളാണ് നടക്കുന്നത്.എന്നാൽ നീറ്റ് എക്സാം നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആരോപണങ്ങളിൽ ഇനിയും പ്രതികരിച്ചിട്ടില്ല. അതെ സമയം നീറ്റിനെതിരെയുള്ള ഹരജി പരിഗണിച്ച സുപ്രിംകോടതി കഴിഞ്ഞ ദിവസം വിശദമായ മറുപടി നൽകാൻ എൻ.ടി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നീറ്റ് എക്സാമിന്റെ മറവിൽ തട്ടിപ്പുകൾ നടക്കുന്നത് ഇതാദ്യമല്ലെന്നും ഫലങ്ങളിൽ പൊരുത്തക്കേടുകൾ മുമ്പും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പലരും പങ്കുവെക്കുന്നു. പരീക്ഷയിൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ കർശന നടപടികളുണ്ടാകണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.