ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ- മുഖ്യപ്രതിയുടെ വസ്തു ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു
ജനുവരി മൂന്നിന് ബിജാപൂർ ടൗണിലെ റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്
റായിപൂർ: ഛത്തീസ്ഗഢിൽ മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിലെ പ്രധാന പ്രതിയുടെ വസ്തു നിയമവിരുദ്ധ സ്വത്താണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. ദേശീയ മാധ്യമമായ എൻഡിടിവിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന മുകേഷ് ചന്ദ്രാകറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
'മുകേഷിൻ്റെ ക്രൂരമായ കൊലപാതകത്തിൽ മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കർശനമായ നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പ്രധാന പ്രതിയുടെ വീട് നശിപ്പിച്ചു.'- ഛത്തീസ്ഗഢ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കേസിലെ പ്രധാന പ്രതിയായ സുരേഷ് ചന്ദ്രകാർ ഒരു കോൺഗ്രസ് നേതാവാണെന്ന് ആഭ്യന്തരമന്ത്രി വിജയ് ശർമ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ്തറിലെ 120 കോടി രൂപയുടെ റോഡ് നിർമാണ പദ്ധതിയിലെ ക്രമക്കേടുകൾ തുറന്നുകാട്ടി അന്വേഷണ റിപ്പോർട്ട് നൽകിയതിന് പിന്നാലെ, ജനുവരി ഒന്നിന് രാത്രി മുതൽ മുകേഷിനെ കാണാതായിരുന്നു. ജനുവരി മൂന്നിന് ബിജാപൂർ ടൗണിലെ റോഡ് കോൺട്രാക്ടറുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുതായി കോൺക്രീറ്റ് ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു സെപ്റ്റിക് ടാങ്ക്.
കരാറുകാരൻ സുരേഷ് ചന്ദ്രക്കറിനെതിരെയായിരുന്നു മുകേഷ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് തന്നെയാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മുകേഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സുരേഷിന്റെ വീട്ടിൽ എത്തിയത്. സുരേഷ് ചന്ദ്രക്കറിൻ്റെ സഹോദരൻ റിതേഷിനെ കണ്ട് സംസാരിക്കാനായാണ് മുകേഷ് ഇവിടെയെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.