ഡൽഹിയിൽ അതിശക്തമായി മൂടൽമഞ്ഞ്; 200 വിമാനങ്ങൾ വൈകി, വായു ഗുണനിലവാരം മോശം നിലയിൽ
കഴിഞ്ഞ ദിവസം 400 ഓളം വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വൈകിയത്
ന്യൂ ഡൽഹി: ഡൽഹിയിൽ അതിശക്തമായി മൂടൽമഞ്ഞ്. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 200 ഓളം വിമാനങ്ങൾ വൈകുകയും 10 എണ്ണം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം 400 ഓളം വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടർന്ന് വൈകിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും മൂടൽ മഞ്ഞ് അതിശക്തമായി തുടരുകയാണ്.
എയിംസ്, ദ്വാരക, ന്യൂഡൽഹി സ്റ്റേഷൻ ഭാഗങ്ങളിൽ വെളുത്ത കട്ടിയുള്ള മഞ്ഞുപാളികൾ കാഴ്‌ച പൂർണമായും മറച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് തലസ്ഥാനത്തെ ഫ്ലൈറ്റ്, ട്രെയിൻ സർവീസുകളെ ബാധിച്ചിട്ടുണ്ട്. 51 ട്രെയിനുകളാണ് വൈകിയോടുന്നത്. വന്ദേ ഭാരത് രണ്ട് മണിക്കൂർ വൈകിയതായി അധികൃതർ അറിയിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകിയതിനാൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ കുടുങ്ങിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മൂടൽമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിലാണ്. രാവിലെ 10 മണിക്ക് എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 369 ആയിരുന്നു. ജനുവരി 8 വരെ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നും ജനുവരി 6ന് നേരിയ മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു.