കള്ള വോട്ട് രേഖപ്പെടുത്തി: ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്തു; രണ്ട് ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍
ഫെയ്സ്ബുക്ക് പേജിലൂടെയാണ് കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്
ഗാന്ധിനഗർ: ഗുജറാത്തിലെ മഹിസാഗർ ജില്ലയിലെ ദഹോദ് ലോക്സഭാ മണ്ഡലത്തിൽ വ്യാജ വോട്ട് ചെയ്തതിന് രണ്ട് ബിജെപി പ്രവർത്തകരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ഭാഭോർ (28), മനോജ് മഗൻ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ 25 പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുകയും സാന്ത്രാമ്പൂരിലെ ഗോത്തിബ് പഞ്ചായത്തിലടക്കം കള്ളവോട്ട് നടത്തുകയും ചെയ്തെന്നും ഇവർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രതികളിലൊരാളായ വിജയ് ഭാഭോറിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ കള്ള വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് മറികടന്ന് ബൂത്തിലെ പോളിങ് ഏരിയയിൽ പ്രവേശിച്ച ഭഭോർ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി മൽപിടുത്തം നടത്തുന്നതും വീഡിയോയിൽ കാണാം. സിറ്റിങ് ബി.ജെ.പി എം.പിയായ ജസ്വന്ത് സിങ് ഭാഭോറിന്റെ ചിഹ്നമായ 'താമര'ക്ക് വോട്ട് ചെയ്യണമെന്ന് മറ്റുള്ളവരെ ഭാഭോർ പ്രോത്സാഹിപ്പിക്കുന്നതും വോട്ടിങ് മെഷീനുമായി അദ്ദേഹം നൃത്തം വീഡിയോയിലുണ്ട്.
ഇരുവരും ബിജെപി പ്രവർത്തകരാണെന്നും ഭാഭോറിന്റെ പിതാവ് രമേഷ് ഭാഭോർ സന്ത്രാമ്പൂർ താലൂക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റാണെന്നും മഹിസാഗർ പൊലീസ് സൂപ്രണ്ട് ജയദീപ് സിങ് ജഡേജ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (171) (188) വകുപ്പുകൾ പ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതികൾ തന്നെ ആക്രമിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കോൺഗ്രസ് പോളിങ് ഏജന്റും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.