വിവാഹച്ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് വീട്ടുകാര്‍, അതിഥികള്‍ക്ക് നേരെ മുളകുപൊടിയേറ്; പൊലീസ് കേസെടുത്തു
യുവതിയുടെ മാതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ നടന്ന വിവാഹച്ചടങ്ങിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ചടങ്ങിനിടെ വധുവിന്‍റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. തടയാന്‍ ശ്രമിച്ച വരന്‍റെ വീട്ടുകാര്‍ക്ക് നേരെ വധുവിന്‍റെ കുടുംബം മുളകുപൊടി പ്രയോഗിക്കുകയും ചെയ്തു. യുവതിയുടെ മാതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. മഞ്ഞ സാരി ധരിച്ച് വിവാഹവേഷത്തിലെത്തിയ വധുവിനെ വരൻ്റെ വീട്ടുകാർ ഇടപെടാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കൾ വലിച്ചിഴയ്ക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ മുളകുപൊടി എറിയുന്നതും കാണാം. മുറിയിലൂടെ വലിച്ചിഴക്കുമ്പോൾ വധു ചവിട്ടുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ഗംഗാവരം സ്നേഹ, ബത്തിന വെങ്കടാനന്ദു എന്നിവരുടെ വിവാഹത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നരസറോപേട്ട് ജില്ലയിലെ ഒരു കോളേജിൽ വെറ്ററിനറി സയൻസിൽ ഡിപ്ലോമ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഏപ്രിൽ 13 ന് വിജയവാഡയിലെ ദുർഗ്ഗാ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് ശേഷം അവർ വെങ്കടാനന്ദുവിൻ്റെ വീട്ടിലേക്ക് പോയി. ഏപ്രിൽ 21 ന് ഒരു ഔപചാരിക ചടങ്ങ് നടത്താൻ വരന്‍റെ കുടുംബം തീരുമാനിച്ചു. സ്നേഹയുടെ കുടുംബത്തെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
വിവാഹ വേദിയില്‍ ചടങ്ങ് നടന്നുകൊണ്ടിരിക്കെ,സ്നേഹയുടെ അമ്മ പത്മാവതിയും ചരൺ കുമാർ, ചന്തു, നക്ക ഭരത് എന്നീ ബന്ധുക്കളുമെത്തി സംഭവം അലങ്കോലമാക്കാന്‍ ശ്രമിക്കുകയായിരുന്നു. വരനും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോകൽ ശ്രമം ചെറുക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു.വരൻ്റെ ബന്ധുക്കളിലൊരാളായ വീരബാബുവിന് സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ രാജമഹേന്ദ്രവാരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വധുവിന്‍റെ കുടുംബത്തനെതിരെ കേസെടുത്തതായി കഡിയം സർക്കിൾ ഇൻസ്‌പെക്ടർ ബി തുളസീധർ പറഞ്ഞു.വധുവിൻ്റെ വീട്ടുകാർ വിവാഹത്തെ എതിർത്തതിന്‍റെ കാരണം വ്യക്തമല്ല.