പ്രമുഖ മാധ്യമപ്രവർത്തകൻ വിനോദ് ദുവേ അന്തരിച്ചു
ദൂരദർശൻ, എൻഡിടിവി എന്നീ ചാനലുകൾ പ്രവർത്തിച്ചിട്ടുണ്ട്
പ്രമുഖ മാധ്യമപ്രവർത്തകൻ വിനോദ് ദുവേ അന്തരിച്ചു. 67 വയസ്സായിരുന്നു.ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്ന ദുവയെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കോവിഡ് രോഗബാധയെത്തുടർന്ന് ഈ വർഷം ജൂണിൽ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി(ചിന്ന ദുവ – 61) അന്തരിച്ചിരുന്നു. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബർകുർ ദുവയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബക്കുൽ ദുവയുമാണ് മക്കൾ.
മാധ്യമരംഗത്തെ മികവിന് 2008 ൽ പത്മശ്രീക്ക് അർഹനായ വിനോദ് ദുവ 1996 ൽ രാംനാഥ് ഗോയങ്ക പുരസ്കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ്. 2017 ൽ മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്കാരം നേടി.സംസ്‌കാരം നാളെ 5 മണിക്ക് ലോധി ശ്മശാനത്തിൽ നടക്കും.