ശ്രദ്ധ നേടി ഇസ്മായിൽ ഫാറൂഖി, ഇന്ദിരാ സാഹ്നി കേസുകളിലെ വിധി പ്രസ്താവം; ജസ്റ്റിസ് അഹ്മദി ഓർമയാകുമ്പോൾ
1994ലെ ഇസ്മായിൽ ഫാറൂഖി കേസിലെ വിധി കൂടി ഉദ്ധരിച്ചാണ് ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിരുന്നത്
ന്യൂഡൽഹി: രാജ്യം മുഴുവൻ ചർച്ചചെയ്യപ്പെട്ട ഇന്ദിരാ സാഹ്നി, ഇസ്മായിൽ ഫാറൂഖി കേസുകളിലടക്കം വിധി പുറപ്പെടുവിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് എ.എം അഹ്മദി. 91 കാരനായ അഹ്മദി വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്.
അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ സംവരണത്തിന്റെ പരിധി അമ്പത് ശതമാനത്തിൽ കടക്കരുത് എന്നാണ് ഇന്ദിരാ സാഹ്നി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധി. ജസ്റ്റിസ് അഹ്മദി ഉൾപ്പെട്ട ഒമ്പതംഗ ഭരണഘടനാ ബഞ്ചാണ് ചരിത്രപ്രധാനമായ വിധി പ്രസ്താവം നടത്തിയിരുന്നത്.
ഇസ്‍ലാം മതവിശ്വാസ പ്രകാരം ആരാധനയ്ക്ക് പള്ളി അനിവാര്യ ഘടകമല്ല എന്നാണ് 1994ലെ ഇസ്മായിൽ ഫാറൂഖി കേസിലെ വിധി. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഈ വിധി കൂടി ഉദ്ധരിച്ചാണ് ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിരുന്നത്.
മുസ്‍ലിം സമുദായത്തിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ മൂന്നാമത്തെയാളായിരുന്നു എ എം അഹ്മദി. ഇന്ത്യയുടെ 26ാമത്തെ ചീഫ് ജസ്റ്റിസായി 1994 ഒക്ടോബർ 25 നാണ് എ.എം അഹ്മദി രാജ്യത്തെ പരമോന്നത നീതിന്യായ സ്ഥാപനമായ സുപ്രിംകോടതിയുടെ തലപ്പെത്തുന്നത്. രണ്ടര വർഷത്തെ സേവനത്തിന് ശേഷം 1997 മാർച്ച് 24 ന് അദ്ദേഹം വിരമിച്ചു.
എൽ.എൽ.ബി പഠനത്തിന് ശേഷം 1954 ലാണ് അഭിഭാഷകനായി സേവനം ആരംഭിച്ചത്. പത്ത് വർഷത്തിന് ശേഷം അഹമ്മദാബാദിലെ സിറ്റി സിവിൽ & സെഷൻസ് കോടതിയിൽ ജഡ്ജിയായി നിയമിതനായി. 1976-ൽ ഗുജറാത്ത് ഹൈക്കോടതിയായി ജഡ്ജിയായും സേവനം അനുഷ്ഠിച്ചു. 1988-ൽ സുപ്രിംകോടതി ജഡ്ജിയായി അഹ്മദി നിയമിതനായി.
1984 ഡിസംബറിലെ കുപ്രസിദ്ധമായ ഭോപ്പാൽ വാതക ദുരന്തത്തിന് ഉത്തരവാദികളായ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയ നരഹത്യകുറ്റം റദ്ദാക്കിയ വിധി ഏറെ വിവാദമായിരുന്നു. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉദ്യോഗസ്ഥർക്കെതിരെ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിരുന്നു. ഇതിനെതിരെ പ്രതികൾ സമർപ്പിച്ച ഹരജിയിൽ അഹ്മദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. യൂണിയൻ കാർബൈഡ് കമ്പനിയിലെ ചില ഉദ്യോഗസ്ഥർക്ക് വെറും രണ്ട് വർഷത്തെ ജയിൽ ശിക്ഷയും തുച്ഛമായ പിഴയും ചുമത്തിയ വിധി ഏറെ വിവാദമാകുകയും ചെയ്തു. ജസ്റ്റിസ് അഹ്മദി 232 വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും 811 ബെഞ്ചുകളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
1989-ൽ സുപ്രിം കോടതി നിയമസഹായ സമിതിയുടെ പ്രസിഡന്റായും 1990 മുതൽ 1994 വരെ ഇന്ത്യയിൽ നിയമസഹായ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും അഹ്മദി പ്രവർത്തിച്ചിട്ടുണ്ട്.ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോൾ അഹ്മദി വിവിധ ഉപദേശക സമിതികളുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
അലിഗഡ് മുസ്‍ലിം സർവകലാശാലയിൽ ചാൻസലറായും എ.എം അഹ്മദി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രിംകോടതിയിൽ നിന്ന് വിരമിച്ച ശേഷമാണ് അഹ്മദി അലിഗഡ് മുസ്‍ലിം സർവകലാശാലയുടെ ചാൻസലറായി ചുമതലയേറ്റത്.