ലോകം പുതുവത്സരം ആഘോഷിക്കുമ്പോഴും ഖനൗരിയിലെ കർഷകർ സമരച്ചൂടിൽ

രണ്ടാം ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ച് 10 മാസം കഴിഞ്ഞിട്ടും പഞ്ചാബിൽ നിന്നും ഹരിയാന അതിർത്തി കടക്കാൻ കഴിഞ്ഞിട്ടില്ല.

Update: 2025-01-01 01:37 GMT
Advertising

ന്യൂഡൽഹി: ലോകം പുതുവത്സരം ആഘോഷിക്കുമ്പോൾ സമരച്ചൂടിലാണ് ഖനൗരിയിലെ കർഷകർ. രണ്ടാം ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ച് 10 മാസം കഴിഞ്ഞിട്ടും പഞ്ചാബിൽ നിന്നും ഹരിയാന അതിർത്തി കടക്കാൻ കഴിഞ്ഞിട്ടില്ല. തണുപ്പ് അഞ്ച് ഡിഗ്രിയിൽ താഴെ എത്തുമ്പോഴും സമരത്തിന് ചൂട് കൂടുകയാണ്.

ഓരോ സമരഭടനും ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് എത്തുന്നവരാണ്. അതുകൊണ്ട് തന്നെ അവരുടെ വീടുകളിൽ അടുപ്പ് പുകയേണ്ടത് ഗ്രാമത്തിന്റെ മുഴുവൻ ഉത്തരവാദിത്തമാണ്. സമരത്തിൽ പങ്കെടുന്നവരുടെ പാടങ്ങളിലെ വിത്തും വിതയും കൊയ്ത്തും ഗ്രാമത്തിൽ താമസിക്കുന്ന മറ്റു കൃഷിക്കാർ ചേർന്ന് നടത്തും.

സമരത്തിന്റെ മുന്നോട്ടുപോക്കിൽ ഏറ്റവും അനിവാര്യമായ ഭക്ഷണവിതരണം നടത്താനുള്ള വലിയ അടുക്കളയായ ലങ്കർ ആണ് നട്ടെല്ല്. ഖനൗരിയിൽ പതിനായിരം പേരെത്തിയാലും പോറ്റാൻ കഴിയുന്ന 10 ലൻകറുകളാണുള്ളത്. ഈ വലിയ അടുക്കളയിൽ റൊട്ടിക്കായി 15 ക്വിന്റൽ വരെയാണ് ആട്ടയുടെ ഉപയോഗം. 25 കിലോ നെയ്യ് ഒരു ദിവസം വേണ്ടി വരുമെന്ന് അറിയുമ്പോഴാണ് ഭീമൻ അടുക്കളയിൽ വെന്തിറങ്ങുന്ന ഭക്ഷണത്തെക്കുറിച്ച് ധാരണ കിട്ടുന്നത്.

അയൽ ഗ്രാമങ്ങളിൽ നിന്നായി വെള്ള ടാങ്കറുകൾ ട്രാക്ട്ടറുകൾ വലിച്ചെത്തിക്കും. സെക്യൂരിറ്റി, മീഡിയ, ഗതാഗതം എന്നിങ്ങനെ പല വിഭാഗങ്ങൾ വേറെ പ്രവർത്തിക്കുന്നുണ്ട്. സോഫ്റ്റ്‌വെയർ, കമ്മ്യൂണിക്കേഷൻ രംഗത്തെ കർഷക മക്കൾ അവരുടെ വൈദഗ്ധ്യം കൂടി സംഭാവന ചെയ്യുമ്പോൾ വിദേശത്തിരുന്നു കൂടി സമരത്തിന്റെ ഭാഗമാകുന്നു. ഇതോടെ സമരക്കാരുടെ സോഷ്യൽമീഡിയയും ഉഷാറാകുന്നു.

50 ഡോക്ടർമാരാണ് ചികിത്സ നൽകാനായി മാറിമാറി എത്തൂന്നത്. ജഗജീത് സിങ് ഡല്ലേവാൾ നിരാഹാരം അവസാനിപ്പിച്ചാൽ ഒന്നിന് പിന്നാലെ മറ്റൊരാളായി ഏഴ് പേരെയാണ് തയ്യാറാക്കി നിർത്തിയിരിക്കുന്നത്. നിരാഹാരസമരത്തിനിടയിൽ ജീവൻ നഷ്ടമായാൽ അവരെ സംസ്‌കരിക്കില്ലെന്നും മൃതദേഹങ്ങൾ ഫ്രീസറിലാക്കി സമരവേദിയിൽ സൂക്ഷിക്കുമെന്നും പറയുമ്പോഴാണ് വിട്ടുവീഴ്ചയില്ലാത്ത സമരത്തിന്റെ ഉഗ്രരൂപം വ്യക്തമാകുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News