മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ മോദിക്കെതിരെ കര്‍ഷക പ്രതിഷേധം

ഉള്ളിയുടെ കയറ്റുമതി വില സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിലുള്ള പ്രതിഷേധമാണ് മോദിക്കെതിരെ കര്‍ഷകര്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രകടിപ്പിച്ചത്

Update: 2024-05-16 15:53 GMT
Advertising

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക പ്രതിഷേധം. നാസിക്കിലെ പൊതുയോഗത്തില്‍ മോദി സംസാരിക്കുന്നതിനിടെയയായിരുന്നു സദസില്‍ നിന്ന് പ്രതിഷേധശബ്ദം ഉയര്‍ന്നത്. തുടര്‍ന്ന് അല്‍പ്പം നേരെ മോദി പ്രസംഗം നിര്‍ത്തി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി ഉത്പാദനമേഖലയാണ് നാസിക്ക്. ഉള്ളിയുടെ കയറ്റുമതി വില സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിലുള്ള പ്രതിഷേധമാണ് മോദിക്കെതിരെ കര്‍ഷകര്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രകടിപ്പിച്ചത്. നാസിക്കിലെ പിംപാല്‍ഗോണ്‍ ബസവന്തില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സംഭവം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് പ്രസംഗം കത്തികയറുന്നതിനിടെയാണ് സദസില്‍ ഉണ്ടായിരുന്ന കര്‍ഷകര്‍ ശബ്ദമുയര്‍ത്തിയത്. ഉള്ളി കയറ്റുമതി വിഷയത്തില്‍ സംസാരിക്കണമെന്നായിരുന്നു ആവശ്യം. ഇതോടെ അല്‍പ്പനേരത്തേക്ക് പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി.

മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കിയ ശേഷമാണ് മോദി പ്രസംഗം തുടര്‍ന്നത്. പൊതുയോഗത്തിലെ പ്രതിഷേധത്തിന്റെ ദൃശ്യം വൈറലായെങ്കിലും കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം വീഡിയോയില്‍ കേള്‍ക്കുന്നില്ല. അതേ സമയം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ മോദിക്കെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച അമ്പതോളം കര്‍ഷകരെ നാസിക്കില്‍ തടഞ്ഞതായി ശരത് പവാര്‍ ആരോപിച്ചു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News