കർഷക സമരം: അതിർത്തികൾ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി
കർഷക സമരം നേരിടാനെന്ന പേരിൽ ഹരിയാന സ്വീകരിക്കുന്ന എല്ലാ നടപടികളും റദ്ദാക്കണമെന്ന് ഹരജി
ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരിൽ അതിർത്തികൾ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗാണ് കർഷകസമരവുമായി ബന്ധപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയത്. കർഷകരുടെ സമരം നേരിടാനെന്ന പേരിൽ ഹരിയാന സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളും നിരോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞ ദിവസം ഹൈകോടതി നോട്ടീസ് നൽകിയിരുന്നു.
അതെ സമയം സമരം നടത്തുക എന്നത് കർഷകരുടെ ന്യായമായ ആവശ്യമാണെന്നായിരുന്നു പഞ്ചാബ് സർക്കാർ വിശദീകരിച്ചത്. സമരം കർഷകരുടെ അവകാശമാണ് എന്നാൽ ഇത് തടയാനെന്ന പേരിൽ ഹരിയാന സർക്കാരിന്റെ നടപടികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.
ഹരിയാനയിലെ പല ജില്ലകളിലും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത് പരീക്ഷ തുടങ്ങാൻ പോകുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഉണ്ടാക്കുന്ന ദുരിതം വലുതാണ്. അതിർത്തികളിൽ ബാരിക്കേഡുകളും കൂറ്റൻ മതിലുകളും സ്ഥാപിച്ചത് ജനജീവിതം കൂടുതൽ ദുസഹമാക്കിയെന്നായിരുന്നു ഹരജി.
അതെ സമയം താങ്ങുവിലയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. ചണ്ഡീഗഡിൽ വച്ച് കർഷകരുമായി ചർച്ച നടത്താമെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കി.