കർഷക സമരം: പഞ്ചാബ് ഹരിയാന അതിർത്തിയിൽ തുടരും
അതിർത്തിയിലേക്ക് ഇന്ന് മുതൽ കൂടുതൽ കർഷകർ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും എത്തും
ന്യൂഡൽഹി:കർഷകരുടെ ഡൽഹി ചലോ മാർച്ച് പഞ്ചാബ് ഹരിയാന അതിർത്തിയിൽ തുടരും. കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിൻ്റെ ഘാതകർക്ക് എതിരെ നടപടി ഉണ്ടാകുന്നത് വരെ അതിർത്തിയിൽ പ്രതിഷേധം തുടരാൻ ആണ് ഇന്നലെ കർഷക സംഘടനകൾ തീരുമാനിച്ചത്. പ്രതിഷേധത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് കർഷക സംഘടനകൾ മെഴുകുതിരി മാർച്ച് നടത്തും.
ഡൽഹി ചലോ മാര്ച്ചുമായി മുന്നോട്ട് പോകുന്നതിന് മുൻപ് കൊല്ലപ്പെട്ട ശുഭ്കരൺ സിംഗിൻ്റെ ഘാതകർക്ക് എതിരെ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. അതിർത്തിയിലേക്ക് ഇന്ന് മുതൽ കൂടുതൽ കർഷകർ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും എത്തും.
ഹിസറിൽ നിന്ന് ഉൾപ്പടെ ഹരിയാന പോലീസ് കസ്റ്റഡിയിൽ എടുത്ത കർഷകരെ മോചിപ്പിക്കണമെന്നും കർഷക സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത കർഷകരെ ഹരിയാന പോലീസ് ക്രൂരമായി ഉപദ്രവിക്കുകയാണ് എന്നും കർഷക നേതാക്കൾ ആരോപിച്ചു.
ശുഭ്കരൺ സിംഗിൻ്റെ ഘാതകർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു നടപടി ഉണ്ടാകും വരെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കുകയില്ല എന്നും മൃതദേഹം സംസ്കരിക്കില്ല എന്നുമാണ് കുടുംബത്തിൻ്റെ നിലപാട്.
സമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സംയുക്ത കിസാൻ മോർച്ചയിലെ മറ്റ് സംഘടനകളെ കൂടെ കൂട്ടി സമരവുമായി മുന്നോട്ട് പോകാൻ സമര മുഖത്തുള്ള സംഘടനകൾ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളും കർഷക നേതാക്കൾക്കിടയിൽ തുടരുന്നുണ്ട്.