ആംബുലന്‍സ് നിഷേധിച്ചു; ബൈക്കില്‍ മകളുടെ മൃതദേഹവുമായി പിതാവിന്‍റെ യാത്ര
മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ സർക്കാർ ആശുപത്രി അധികൃതരാണ് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുകൊടുക്കാതിരുന്നത്
ഭോപ്പാല്‍: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് അരിവാള്‍ രോഗം ബാധിച്ചു മരിച്ച 13 വയസുകാരിയുടെ മൃതദേഹം പിതാവ് നാട്ടിലെത്തിച്ചത് ബൈക്കില്‍. മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ സർക്കാർ ആശുപത്രി അധികൃതരാണ് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുകൊടുക്കാതിരുന്നത്.
ഷാഹ്‌ദോലിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കോട്ട ഗ്രാമവാസിയായ ലക്ഷ്മൺ സിംഗിന്‍റെ മകള്‍ മാധുരി തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ആശുപത്രി അധികൃതരോട് വാഹനം ആവശ്യപ്പെട്ടെങ്കിലും 15 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പണമില്ലാത്തതിനാല്‍ ഒരു മോട്ടോര്‍ സൈക്കിളിലാണ് മൃതദേഹം എത്തിച്ചതെന്നും ലക്ഷ്മണ്‍ അറിയിച്ചു. 20 കിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ അതുവഴി പോവുകയായിരുന്ന ഷാഹ്‌ദോല്‍ കലക്ടര്‍ വന്ദന വൈദ്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. കുടുംബത്തിന് കലക്ടര്‍ സാമ്പത്തിക സഹായം നല്‍കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഈയിടെ കൊല്‍ക്കൊത്തയിലും സമാനസംഭവം നടന്നിരുന്നു. ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനാൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിക്കേണ്ടി വന്നത് 200 കിലോമീറ്ററാണ്. അസിം ദേവശർമ എന്നയാളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ചത്. ബസിൽ സഞ്ചരിച്ചാണ് മകന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.ആംബുലൻസിന് നൽകാൻ 8,000 രൂപ ഇല്ലാത്തതിനാലാണ് ബസിൽ യാത്ര ചെയ്യേണ്ടിവന്നതെന്നും പിതാവ് പറഞ്ഞിരുന്നു.