സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിച്ചില്ല: എട്ട് രാഷ്ട്രീയ പാർട്ടികൾക്ക് പിഴ ചുമത്തി

ഉത്തരവ് ഒട്ടും നടപ്പാക്കാത്ത സിപിഎമ്മിനും എൻസിപിക്കും അഞ്ച് ലക്ഷം രൂപയും ഭാഗികമായി മാത്രം നടപ്പാക്കിയ ബിജെപി, കോൺഗ്രസ്, സിപിഐ, എൽജെപി, ആ൪ജെഡി, ജനദാതൾ എന്നീ പാ൪ട്ടികൾക്ക് ഒരു ലക്ഷം രൂപയും പിഴ ചുമത്തി

Update: 2021-08-10 13:38 GMT
Advertising

സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് ലംഘിച്ച രാഷ്ട്രീയ പാർട്ടികൾക്ക് പിഴ ചുമത്തി സുപ്രീംകോടതി. ബിജെപി അടക്കം എട്ട് രാഷ്ട്രീയ പാർട്ടികൾക്കാണ് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ച് പിഴ ചുമത്തിയത്. ജനപ്രതിനിധികൾ പ്രതികളായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാനാ൪ഥികളുടെ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാനും സ്ഥാനാ൪ഥിയാക്കിയതിന്റെ കാരണം വിശദീകരിക്കാനും രാഷ്ട്രീയ പാ൪ട്ടികൾക്ക് കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ബിഹാ൪ തെരഞ്ഞെടുപ്പിൽ ഉത്തരവ് നടപ്പാക്കുന്നതിൽ പാ൪ട്ടികൾ വീഴ്ച വരുത്തി. ഇത് ചോദ്യംചെയ്തുള്ള കോടതിയലക്ഷ്യ ഹരജിയിലാണ് ബിജെപി അടക്കം എട്ട് രാഷ്ട്രീയ പാ൪ട്ടികൾക്ക് സുപ്രീംകോടതി പിഴ ഈടാക്കിയിരിക്കുന്നത്.

ഉത്തരവ് ഒട്ടും നടപ്പാക്കാത്ത സിപിഎമ്മിനും എൻസിപിക്കും അഞ്ച് ലക്ഷം രൂപയും ഭാഗികമായി മാത്രം നടപ്പാക്കിയ ബിജെപി, കോൺഗ്രസ്, സിപിഐ, എൽജെപി, ആ൪ജെഡി, ജനദാതൾ എന്നീ പാ൪ട്ടികൾക്ക് ഒരു ലക്ഷം രൂപയും പിഴ ചുമത്തി. സ്ഥാനാ൪ഥികളുടെ ക്രിമിനൽ വിശദാംശങ്ങൾ വോട്ട൪മാ൪ക്ക് മനസിലാക്കാനായി പ്രത്യേക മൊബൈൽ ആപ് തയ്യാറാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. സ്ഥാനാർഥികളെ നിശ്ചയിച്ച് 48 മണിക്കൂറിനകം ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ആദ്യ തിയ്യതി മുതൽ രണ്ടാഴ്ചക്കുള്ളിൽ പ്രസിദ്ധീകരിച്ചാൽ മതിയെന്ന വ്യവസ്ഥ ജസ്റ്റിസ് ആ൪ എഫ് നരിമാൻ അധ്യക്ഷനായ ബഞ്ച് ഒഴിവാക്കി. ക്രിമിനൽ നടപടി നേരിടുന്ന എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പിൻവലിക്കാൻ അതത് ഹൈക്കോടതികളുടെ അനുമതി വേണമെന്നും മറ്റൊരു ഹരജിയിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചും ഉത്തരവിട്ടു. നിയമസഭ കയ്യാങ്കളി കേസിൽ പുറപ്പെടുവിച്ച സുപ്രീംകോടതി വിധിക്കനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതികൾക്കും കോടതി നി൪ദേശം നൽകി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാരെ സ്ഥലം മാറ്റരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News